നിർത്തിയ ബസിൽ കാറിടിച്ചു; ബസിൽ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടർക്ക് ദാരുണാന്ത്യം
text_fieldsഇരിട്ടി: നിർത്തിയ ബസിൽ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടറെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കണ്ടക്ടറുടെ ജീവൻ രക്ഷിക്കാനായില്ല.
ഉളിയിൽ ടൗണിനും കുന്നിൻകീഴിനുമിടയിൽ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സമീപമാണ് അപകടം. ബംഗ്ലൂരിൽ നിന്നും തലശ്ശേരി വഴി കണ്ണൂരിലേക്ക് വരികയായിരുന്ന കർണ്ണാടക ആർ ടി സി ബസ്സിലെ കണ്ടക്ടർ കർണ്ണാടക സ്വദേശി പി. പ്രകാശാണ് മരിച്ചത്.
പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്നും വരുന്ന ബസ് ഉളിയിൽ ടൗണിന് സമീപത്തുള്ള ഹോട്ടൽ പരിസരത്ത് ചായ കുടിക്കാൻ നിർത്തിയതായിരുന്നു. ബസ്സിൽ നിന്നും ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ. നിർത്തയിട്ട ബസ്സിലും സമീപത്തുള്ള വൈദ്യുതി തൂണിലുമായാണ് കാർ ഇടിച്ചുകയറിയത്. ഈ സമയം ബസ്സിൻ്റെ പുറക് വശത്തെ ടയറിന് സമീപം നിൽക്കുകയായിരുന്ന കണ്ടക്ടർ കാറിനും ബസ്സിനും ഇടയിൽ പെട്ടാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാആവാം അപകടകാരണമെന്ന് സംശയമുണ്ട്. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല. ദീർഘദൂരം നേരെയുള്ള റോഡിൽ ചെറിയ വളവ് തുടങ്ങുന്നടുത്താണ് അപകടം നടന്നത്.
ഉടൻതന്നെ പരിക്കേറ്റവരെ നാട്ടുകാരും ബസ്സിൽ ഉള്ളവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കണ്ടക്ടറുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് മട്ടന്നൂരിൽ നിന്നുള്ള പോലീസും സ്ഥലത്തെത്തി. യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. ബംഗളുരു ഡിപ്പോയിലേതാണ് ബസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.