ബൈക്കിടിച്ച് പരിക്കേറ്റയാളെ മുറിയിൽ ഉപേക്ഷിച്ചു; ചികിത്സ കിട്ടാതെ മരണം
text_fieldsവെള്ളറട (തിരുവനന്തപുരം): ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ മുറിയിൽ ഉപേക്ഷിക്കപ്പെട്ടയാൾ ചികിത്സ കിട്ടാതെ അവിടെ കിടന്നു മരിച്ചു. ദിവസങ്ങളോളം മുറിക്കുള്ളിൽ കിടന്ന മൃതദേഹം ജീർണിച്ച് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാർ കണ്ടെത്തിയത്. വെള്ളറട ചൂണ്ടിക്കലിൽ റോഡുവക്കിൽ താമസിക്കുന്ന സുരേഷ് കുമാർ (53) ആണ് ദാരുണമായി മരിച്ചത്.
ഒറ്റക്ക് താമസിക്കുന്ന സുരേഷ് കുമാറിന്റെ മൃതദേഹം ബുധനാഴ്ചയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. സാധാരണ മരണമെന്നായിരുന്നു ആദ്യം ധാരണ. പിന്നീട് സംശയം തോന്നി പൊലീസ് സംഘം പ്രദേശത്തെ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയവരുടെ ക്രൂരത വെളിവായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ടുപേർ റോഡരികില്‍ നില്ക്കുന്ന സുരേഷ് കുമാറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലയടിച്ച് നിലത്തുവീണ സുരേഷിനെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടിട്ട ശേഷം അവർ വാതിൽ പൂട്ടി കടന്നുകളഞ്ഞു. സി.സി ടിവി ദൃശ്യങ്ങളിൽ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. വീട്ടിനുള്ളില്‍ ദിവസങ്ങള്‍ കിടന്നാകും മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച സുരേഷ്കുമാറിനെ പരിചയമുള്ളവരാകാം ഇടിച്ചിട്ടതെന്നും അതുകൊണ്ടാകാം മുറിയിലുപേക്ഷിച്ചതെന്നും വെള്ളറട സി.ഐ പ്രസാദ് അറിയിച്ചു. തലക്കേറ്റ ക്ഷതമാകാം മരണകാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധന തുടങ്ങി. അതിനുശേഷമാണ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. തമിഴ്നാട്ടിലുൾപ്പെടെ എല്ലായിടത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.