സ്കൂട്ടറിൽ കാറിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
text_fieldsആലപ്പുഴ: നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക തൽക്ഷണം മരിച്ചു. തുമ്പോളി മാതാ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്സ് അധ്യാപികയും ആലപ്പുഴ സനാതനപുരം കാർത്തികഭവൻ (ഹൗസ് നമ്പർ 113) അനിൽകുമാറിന്‍റെ ഭാര്യയുമായ മാലാ ശശിയാണ് (45) മരിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികരായ ദമ്പതികൾക്കും പരിക്കേറ്റു.
കൈനകരി പുത്തൻവിളയിൽ പഴയ കരിച്ചിറ ബിനു (42), ഭാര്യ ദീപ്തി (40) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ദീപ്തിയുടെ കാലൊടിഞ്ഞതിനൊപ്പം ബിനുവിനും പരിക്കേറ്റു. ചേർത്തലയിൽനിന്ന് കൈനകരിയിലെ വീട്ടിലേക്ക് ഇവർ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് 3.35ന് ആലപ്പുഴ ബൈപാസ് കളർകോട് കുതിരപ്പന്തി ഭാഗത്തായിരുന്നു അപകടം. ആലപ്പുഴയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോയ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഗൺആർ കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിൽ ബൈപാസിലൂടെ സഞ്ചരിച്ച കാർ ആദ്യം ദമ്പതികൾ സഞ്ചരിച്ച ബൈക്കിലാണ് ഇടിച്ചത്. പിന്നാലെ, പാതയോരത്ത് സുരക്ഷക്ക് സ്ഥാപിച്ച കോൺക്രീറ്റ് തൂണിൽ ഇടിച്ച് നിയന്ത്രണംവിട്ട് മാലാ ശശി സഞ്ചരിച്ച സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവർ തൽക്ഷണം മരിച്ചെന്ന് നാട്ടുകാർ പറഞ്ഞു.
ഗുരുവായൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് ഗുരുവായൂർ സ്വദേശി വാസുക്കുട്ടനാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മാലാ ശശിയുടെ ഭർത്താവ് അനിൽകുമാറിന് ഷാർജയിലാണ് ജോലി. മക്കൾ: അശ്വിൻകുമാർ (എൻജീനിയർ), അനീഷ്കുമാർ (മെഡിക്കൽ വിദ്യാർഥി, കൊല്ലം). മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.