പത്രവിതരണത്തിനിടെ കാറിടിച്ച് വിദ്യാർഥി മരിച്ചു
text_fieldsചെറുതുരുത്തി (തൃശൂർ): കേരള കലാമണ്ഡലത്തിനു സമീപം വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ പത്രവിതരണം ചെയ്യുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. പാഞ്ഞാൾ ശ്രീപുഷ്കരം പടിഞ്ഞാറേ പീടികയിൽ മുസ്ഥഫയുടെ (മുത്തു) മകൻ മുബശിർ (17) ആണ് മരിച്ചത്. ശ്രീ പുഷ്കരം ഗ്രാമീണ വായനശാലയിൽ താത്കാലിക ലൈബ്രേറിയനായും സേവനം ചെയ്തുവരികയായിരുന്നു.
മുബശിർ രാവിലെ പത്രമെടുക്കുന്നതിനായി സൈക്കിളിൽ ചെറുതുരുത്തിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഇതേ ദിശയിൽ വന്ന കാർ സൈക്കിളിന്‍റെ പിറകിലിടിക്കുകയായിരുന്നു. ഓട്ടുപാറ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂർ ഫുട്ബാൾ ക്യാമ്പിലേക്ക് പോയിരുന്ന സംഘമാണ് അവരുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടിച്ച കാറും ഡ്രൈവറും കൂടെയെത്തി.
പൂമല സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ മുബശിർ ബിരുദത്തിനു ചേരാൻ കാത്തിരിക്കുകയായിരുന്നു. എസ്.എസ്.എഫ് യൂനിറ്റ് ഫിനാൻസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ ശ്രീപുഷ്കരം ഖബർസ്ഥാനിൽ മറവു ചെയ്യും. പരേതനായ പടിഞ്ഞാറേ പീടികയിൽ കുഞ്ഞാനുവിന്‍റെ പേരമകനാണ് മുബശിർ. മാതാവ്: റംല. സഹോദരങ്ങൾ: മുർശിദ, മുഹ്സിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.