പൊലിഞ്ഞത് രണ്ടുജീവൻ, കണ്ണീരണിഞ്ഞ് ആലപ്പുഴ; പൊലീസ് ഡ്രൈവർ അറസ്റ്റിൽ
text_fieldsആലപ്പുഴ: പുതുവർഷപ്പുലരിയിൽ കണ്ണീരണിഞ്ഞ് ആലപ്പുഴ. പുതുവത്സരം ആഘോഷിക്കാൻ കോട്ടയത്തുനിന്ന് ആലപ്പുഴ ബീച്ചിലെത്തിയ ബന്ധുക്കളായ യുവാക്കളുടെ അപകടമരണം തീരാനൊമ്പരമായി.
പൊലീസ് ജീപ്പ് സ്കൂട്ടറിലിടിച്ച്, കോട്ടയം വേളൂർ ചുങ്കത്ത് മുപ്പത് അകമ്പാടം ജസ്റ്റിൻ എഡ്വേർഡ് (അനിയച്ചൻ -38), കുമരകം പുത്തൻറോഡ് നാലുകണ്ടം ആഷിക് എഡ്വേർഡ് അലക്സ് (വാവച്ചി -20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ച മൂന്നരയോടെ തെക്കനാര്യാട് തലവടി ക്ഷേത്രത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. നേരം പുലർന്നശേഷമാണ് നാട്ടുകാർ വിവരമറിഞ്ഞത്. പൊലീസ് വാഹനം നിയന്ത്രണംവിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറുമായി മുന്നോട്ടുനീങ്ങി സമീപത്തെ വീടിന്റെ മതിലിലും മരത്തിലും ഇടിച്ചാണ് ജീപ്പ് നിന്നത്. സംഭവസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചിരുന്നു. നൈറ്റ് പട്രോളിങ് നടത്തിയ പൊലീസുകാരെത്തി ആംബുലൻസിൽ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഈസമയം ജീപ്പിൽ ഡ്രൈവറിനൊപ്പം മറ്റൊരു പൊലീസുകാരനുമുണ്ടായിരുന്നു.
ആര്യാട് പഞ്ചായത്ത് മുൻപ്രസിഡന്റ് അഡ്വ. എം. രവീന്ദ്രദാസിന്റെ വീടിന്റെ മതിലാണ് അപകടത്തിൽ തകർന്നത്. ഒരുവശം പൂർണമായും നിലംപൊത്തി. ഈസമയം രവീന്ദ്രദാസ് സ്ഥലത്തുണ്ടായിരുന്നില്ല. വീട് 100 മീറ്റർ ഉള്ളിലേക്ക് മാറി ആയതിനാൽ പുറത്തെ ശബ്ദം കേട്ടിരുന്നില്ലെന്ന് രവീന്ദ്രദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. പിന്നീടാണ് അപകടത്തിൽപെട്ട ജീപ്പും സ്കൂട്ടറും സംഭവസ്ഥലത്തുനിന്ന് മാറ്റിയത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് മതിലിന്റെ ഒരു ഭാഗം കാറിടിച്ച് തകർന്നിരുന്നു.
ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷ ഭാഗമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിൽ പങ്കെടുത്തായിരുന്നു ഇരുവരുടെയും മടക്കം. കോവിഡ് നിയന്ത്രണം ഒഴിവായതോടെ ആഘോഷത്തിൽ പങ്കെടുക്കാൻ ജസ്റ്റിന്റെ അമ്മയുടെ അനിയത്തിയുടെ മകൻ ആഷിക് അലക്സിനെയും കൂടെ കൂട്ടുകയായിരുന്നു. പുതുവർഷത്തിലേക്ക് ചുവടുവെക്കാൻ ബീച്ചിൽ വൻജനാവലിയാണ് തടിച്ചുകൂടിയത്. ആടിത്തിമിർക്കാൻ ഗാനമേളയുമുണ്ടായിരുന്നു. അർധരാത്രി കൃത്യം 12ന് ബലൂണുകൾ മുകളിലേക്ക് പറത്തിയായിരുന്നു തുടക്കം. പിന്നീട് പടക്കവും പൊട്ടിച്ചതോടെ ആഘോഷരാവിന് തിരശ്ശീലവീണു. ഇതിന് പിന്നാലെയായിരുന്നു അപകടവും.
വാഹനാപകടം: പൊലീസ് ഡ്രൈവർ അറസ്റ്റിൽ
ആലപ്പുഴ: നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെയാണ് (32) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ് അറസ്റ്റ്.
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ആലപ്പുഴ ബീച്ച് ഫെസ്റ്റിന്റെ ഡ്യൂട്ടികഴിഞ്ഞ് ഡി.സി.ആർ.ബി ഡിവൈ.എസ്.പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്ഥലത്ത് ആക്കിയശേഷം തണ്ണീർമുക്കം വഴി ആലപ്പുഴക്ക് മടങ്ങവെയാണ് നിയന്ത്രണംവിട്ട് പൊലീസ് ജീപ്പ് സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർ മരിച്ചത്. അപകടസമയത്ത് ജീപ്പിൽ മറ്റൊരു പൊലീസുകാരനുമുണ്ടായിരുന്നു. നൈറ്റ് പട്രോളിങ് പൊലീസുകാരെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.