പരീക്ഷ ഫീസ് അടക്കാനായില്ല; ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
text_fieldsഅകത്തേത്തറ (പാലക്കാട്): പരീക്ഷ ഫീസ് അടക്കാൻ പറ്റാത്ത മനോവിഷമം കാരണം ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഉമ്മിനി സുബ്രഹ്മണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് (20) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നഗരത്തിലെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബി.കോം വിദ്യാർഥിനിയാണ്. ഞായറാഴ്ച രാവിലെ കുളിക്കാൻ കുളിമുറിയിൽ കയറിയ ബീന കുറേസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാൽ വീട്ടുകാർ പരിശോധിച്ചപ്പോൾ ജനലിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബി.കോം അവസാന വർഷ പരീക്ഷക്ക് ഫീസ് അടക്കാൻ പറ്റാത്തതിനാൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജുവും വീട്ടുകാരും പൊലീസിന് മൊഴി നൽകി. യൂനിവേഴ്സിറ്റിക്ക് ഓൺലൈനായി പരീക്ഷ ഫീസ് അടക്കേണ്ട അവസാന തീയതി ജനുവരി പത്ത് ആയിരുന്നു. അതിനുശേഷം പിഴയോടുകൂടി ഫീസ് അടക്കാനും സമയം നൽകിയിരുന്നു. എന്നാൽ, ഈ സമയങ്ങളിലൊന്നും കുട്ടി ഫീസ് അടച്ചിരുന്നില്ല. ഫെബ്രുവരി അഞ്ചിനാണ് പരീക്ഷ തുടങ്ങുന്നത്. കഴിഞ്ഞ ദിവസം ബീനയുടെ മാതാവ് ഫീസ് അടക്കാനായി പാലക്കാട്ടെ കോളജിൽ പോയിരുന്നു. കോളജിലെ ട്യൂഷൻ ഫീസ് അടക്കുകയും ചെയ്തു. പരീക്ഷ ഫീസ് അടക്കാനുള്ള സമയപരിധി അവസാനിച്ച വിവരം അമ്മ തിരികെ വീട്ടിലെത്തി ബീനയോട് പറഞ്ഞു. പരീക്ഷ ഫീസ് അടക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞതോടെ ബീന വളരെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരകമായതെന്നും സഹോദരൻ പറഞ്ഞു.
അതേസമയം, സംഭവത്തിൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷ ഫീസ് നിശ്ചിത സമയപരിധിക്കകം അടക്കണമെന്ന് എല്ലാ കുട്ടികൾക്കും നിർദേശം നൽകിയിരുന്നു. കുട്ടികളുടെ പേരിൽ ഓൺലൈനായി യൂനിവേഴ്സിറ്റി അക്കൗണ്ടിൽ അടക്കേണ്ടതാണിത്. സമയപരിധി കഴിഞ്ഞതിനാൽ കോളജിന് നേരിട്ട് ഇടപെടാൻ കഴിയുന്ന വിഷയമല്ലായിരുന്നു ഇതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.