മരണവീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു
text_fieldsആറ്റിങ്ങൽ: കാര്‍ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചിറയിന്‍കീഴ്, ആല്‍ത്തറമൂട് താഴേവിളാകത്ത് വീട്ടില്‍ മധു (51), ചിറയിന്‍കീഴ് പണ്ടകശാല കൊച്ചുവയല്‍ വീട്ടില്‍ ജ്യോതി ദത്ത് (53) എന്നിവരാണ് മരിച്ചത്. ചിറയിന്‍കീഴ് പുളുമൂട്ടുകടവിന് സമീപം കരുന്ത്വാ കടവിലേക്ക് പോകുന്ന റോഡില്‍ നിന്നാണ് കാർ ആറ്റിലേക്ക് മറിഞ്ഞത്.
വാമനപുരം നദി കായലുമായി ചേരുന്ന ഭാഗമാണിത്. വെള്ളിയാഴ്ച രാവിലെ അഞ്ചരക്കാണ് അപകടം. കരുന്ത്വാ കടവിന് സമീപം മരണവീട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടം സംഭവിച്ചത്. കരുന്ത്വാകടവിലേക്ക് പോകുന്ന റോഡ് കഴിഞ്ഞ വര്‍ഷകാലത്ത് തകരുകയും റോഡിന്‍റെ ഒരുവശം വെള്ളം കയറി നശിക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്താണ് അപകടം നടന്നത്.
റോഡില്‍നിന്ന് കാര്‍ തലകീഴായി ആറ്റിലേക്ക് മറിയുകയായിരുന്നു. അപകടസമയം സമീപത്ത് ആരുമില്ലായിരുന്നു. ഏറെ നേരത്തിനുശേഷം അതുവഴി പോയ ബോട്ടിലെ തൊഴിലാളികളാണ് കാര്‍ ആറ്റിലേക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടത്. അവര്‍ ബോട്ട് തീരത്ത് അടുപ്പിച്ച് നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് അവര്‍ ബഹളമുണ്ടാക്കുകയും സമീപവീടുകളില്‍ എത്തി വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കാര്‍ തിരിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസിനെ വിവരമറിയിക്കുകയും അതിനോടപ്പം ആറ്റിങ്ങല്‍ ഫയര്‍ഫോഴസിനെ അറിയിക്കുകയും ചെയ്തു. ഈ സമയം നാട്ടുകാര്‍ കാറിന്‍റെ ചില്ല് തകര്‍ത്ത് അകത്തുള്ളവരെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാര്‍ ആറ്റില്‍നിന്ന് റെക്കവറി വാഹനത്തിന്‍റെ സഹായത്താല്‍ കരക്കെത്തിച്ചു.
ജ്യോതിദത്ത് സ്വകാര്യ കമ്പനിയിലെ സെയില്‍സ്മാനാണ്. ഭാര്യ: ലതിക. മക്കള്‍: അഴൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ, ശ്രീ ശാരദ വിലാസം ഗേള്‍സ് ഹൈസ് സൂകളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദ്യ.
കെട്ടിട കരാറുകാരനാണ് മധു. ഭാര്യ: രഞ്ജു. മക്കള്‍: ശ്രീജിത്ത് (എൻജിനീയര്‍ വിദ്യാര്‍ത്ഥി), വിഷ്ണു (ആറ്റിങ്ങല്‍ സി.എസ്.ഐ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി). മൃതദേഹം ചിറയിന്‍കീഴ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.