കാല്‍നടക്കാരനെ കാട്ടാന ആക്രമിച്ചു കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsപത്തനാപുരം : അലിമുക്ക് അച്ചന്‍കോവില്‍ പാതയില്‍ കാല്‍നടയാത്രക്കാരനെ കാട്ടാനയുടെ ആക്രമിച്ചു കൊന്നു. അച്ചന്‍കോവില്‍ തുറ കച്ചട ക്ഷേത്രത്തിന് സമീപമാണ് അപകടം. പതിവായി പാതയിലൂടെ നടന്നു പോകുന്ന ബുദ്ധിമാദ്ധ്യമുള്ള ആളെയാണ് ആന ആക്രമിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പാതയോരത്തെ കുറ്റിക്കാടിനുള്ളില്‍ ഉണ്ടായിരുന്ന ആനകളുടെ മുന്നിലകപ്പെട്ടതാകാം എന്നതാണ് പ്രാഥമിക നിഗമനം. ഡി.എഫ്.ഒ എത്തിയിട്ട് മാത്രമേ മൃതദേഹം നീക്കം ചെയ്യാന്‍ അനുവദിക്കുവെന്ന് പറഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്.
ഈ പാതയില്‍ പതിവായി ആനയുടെ ശല്യമുണ്ട്. ഇത് സംബന്ധിച്ച് മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആനക്കൂട്ടത്തെ കാടുകയറ്റി വിടാന്‍ വനപാലകര്‍ നടപടിയൊന്നും ചെയ്തിരുന്നില്ല. കാടിറങ്ങിയ ആനക്കൂട്ടം രണ്ടാഴ്ചയിലധികമായി പാതയോരത്ത് ഉണ്ട്. ഇത് വാഹനയാത്രികരെയും കാല്‍നടയാത്രക്കാരെയും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നുണ്ട്.
അലിമുക്ക് അച്ചന്‍കോവില്‍ പാതയില്‍ തുറ, ചിറ്റാര്‍, തിരികുത്തി മേഖലകളിലാണ് ആനക്കൂട്ടമുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പ് പാതയില്‍ വച്ച് ഇരുചക്രവാഹനത്തിലെത്തിയ അച്ഛനെയും മകളെയും ആന ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.