മണിക്കൂറുകളുടെ കാത്തിരിപ്പ്: ഒടുവിൽ സങ്കടമായി അജിൽ
text_fieldsപുതുപ്പരിയാരം: മണിക്കൂറുകൾ നീണ്ട ആശങ്കനിറഞ്ഞ കാത്തിരിപ്പിനൊടുവിൽ നാടിന്‍റെ വേദനയായി അജിൽ. തിങ്കളാഴ്ച പുനരാരംഭിച്ച തിരച്ചിൽ മുക്കാൽ മണിക്കൂർ പിന്നിടുന്നതിനിടെയാണ് ധോണി വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുക്കാനായത്.
ചൂലന്നൂർ സ്വദേശിയായ അജിലിനെ (17) കഴിഞ്ഞദിവസമാണ് ധോണിവെള്ളച്ചാട്ടത്തിൽ കാണാതായത്. ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതയുള്ള സ്ഥലമായതുകൊണ്ടുതന്നെ ശ്രമകരമായിരുന്നു ദൗത്യം. അഗ്നിരക്ഷ സേനയുടെ റെസ്ക്യൂ ടീം, സിവിൽ ഡിഫൻസ് ടീം അംഗങ്ങളായ അഞ്ചുപേരും പട്ടാമ്പിയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരായ രണ്ടുപേരും അടക്കം 14 പേരാണ് തിരച്ചിൽ നടത്തിയത്. മരത്തിൽ വടംകെട്ടി ഓരോരുത്തരും വെള്ളച്ചാട്ടത്തിലിറങ്ങി.
ചെങ്കുത്തായ പാറക്കെട്ടുകളും ശക്തമായ ഒഴുക്കുള്ള പാറയിലെ ചെറുമടകളും ശക്തമായ നീരൊഴുക്കും കാരണം തിരച്ചിൽ അതിദുഷ്കരമായിരുന്നു. പാലക്കാട് ഫയർസ്റ്റേഷൻ ഓഫിസർ ജോബി ജേക്കബ്, എ.എസ്.ഒ പ്രവീൺ, ഓഫിസർമാരായ അശോകൻ, സുധീഷ്, ബിജീഷ്, അമൽ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്. തിങ്കളാഴ്ച രാവിലെ ഏഴരക്ക് തിരച്ചിൽ ആരംഭിച്ചിരുന്നു. എട്ടേമുക്കാലിന് മൃതദേഹം കണ്ടെത്തി. വനപാലകരും ഹേമാംബിക നഗർ എസ്.ഐ സി.ബി. മധുവും പൊലീസ് സംഘവും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.