തിയറ്റർ ഉടമ കെ.ഒ. ജോസഫ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു
text_fieldsമുക്കം (കോഴിക്കോട്): തിയറ്റർ രംഗത്തെ പ്രമുഖനും സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന മുക്കം കിഴക്കരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞേട്ടൻ -74) നിര്യാതനായി. ചങ്ങരംകുളത്ത് നിർമാണത്തിലിരിക്കുന്ന തിയറ്ററിൽനിന്ന് കാൽവഴുതി വീണായിരുന്നു അന്ത്യം.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. എറണാകുളത്ത് തിയറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയ ജോസഫ് മലപ്പുറം ചങ്ങരംകുളത്ത് സുഹൃത്തിന്റെ തിയറ്റര്‍ കെട്ടിടം കാണാനായി ഇറങ്ങിയിരുന്നു.
ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയ ജോസഫ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടനെ ചങ്ങരംകുളത്തെയും പിന്നീട് തൃശൂരിലെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മുക്കത്ത് അഭിലാഷ് തിയറ്റർ സ്ഥാപിച്ചാണ് തിയറ്റർ രംഗത്ത് പ്രവേശിച്ചത്. കോഴിക്കോട് നഗരത്തിലെ കോറണേഷൻ മൾട്ടിപ്ലക്സ് തിയറ്റർ, അഗസ്ത്യൻമുഴിയിലെ റോസ് തിയറ്റർ എന്നിവയിലായി എട്ടോളം സ്ക്രീനുകൾ കെ.ഒ. ജോസഫിന്റെതാണ്. 3ഡി 4കെ, ഡോൾബി അറ്റ്മോസ് സിനിമകൾ പൂർണതയോടെ, ക്ലാരിറ്റി നഷ്ടമില്ലാതെ പ്രേക്ഷകരിലെത്തിക്കാൻ ജോസഫ് പുലർത്തിയ ശ്രദ്ധ ഏറെ കൈയടി നേടിയിരുന്നു.
സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചക്ക് 2.30ന് സ്വവസതിയിൽ നിന്നാരംഭിച്ച് കല്ലുരുട്ടി സേക്രഡ് ഹാർട്ട് ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യ: സിസിലി ജോസഫ് മുണ്ടന്താനം. മക്കൾ: സിജോ ജോസഫ്, സന്ദീപ് ജോസഫ്, ഡോ. സജീഷ് ജോസഫ് (അഭിലാഷ് ഡെന്റൽ കെയർ, മുക്കം), ജസീന ജോസഫ് (അധ്യാപിക, രാജഗിരി കോളജ്, എറണാകുളം). മരുമക്കൾ: ബിജോയ് പോത്തൻ നെടുംപുറം (സീനിയർ മാനേജർ, ശോഭ ലിമിറ്റഡ് തൃശൂർ), അനീറ്റ ജേക്കബ് കരിപ്പാപറമ്പിൽ മണ്ണാർക്കാട്, ഡോ. സൗമ്യ മാനുവൽ ചീരാൻകുഴിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.