മംഗളൂരുവിൽ ഷെഡിനു മുകളിൽ മണ്ണിടിഞ്ഞുവീണ് മൂന്നു മലയാളികൾ മരിച്ചു
text_fieldsബംഗളൂരു: കർണാടകയിലെ മംഗലാപുരത്തിനടുത്ത് ബന്ത്വാളിൽ തൊഴിലാളികൾ താമസിച്ച ഷെഡിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് നെന്മാറ അയിലൂർ കൈതച്ചിറ സ്വദേശി മൂത്തേടത്ത് വീട്ടിൽ ബിജു (47), കോട്ടയം സ്വദേശി ബാബു (42), ആലപ്പുഴ മാവേലിക്കര കുറ്റിയിൽ ചെട്ടിക്കുളങ്ങര സന്തോഷ് (46) എന്നിവരാണ് മരിച്ചത്. ഇവർ റബർ ടാപ്പിങ് തൊഴിലാളികളാണ്. പരിക്കേറ്റ കണ്ണൂർ സ്വദേശി ജോണി, അഖിൽ എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗലാപുരത്തിനടുത്ത് ബന്ത്വാളിൽ കജെബെയിൽ കനത്ത മഴയിൽ ഇവർ താമസിച്ചിരുന്ന ഷെഡിനു മുകളിലേക്ക് മണ്ണും പാറക്കല്ലുകളും മരങ്ങളും കുത്തിയൊലിച്ച് വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം. തകർന്ന വീടിനുള്ളിൽ കുടുങ്ങിയവരെ മണിക്കൂറുകൾ കഴിഞ്ഞാണ് പുറത്തെടുക്കാനായത്. ദക്ഷിണകന്നട മേഖലയിൽ ദിവസങ്ങളായി കനത്ത മഴയാണ്.
മുക്കുഡയിലെ ഹെൻഡ്രി കാർലോ എന്നയാളുടെ തോട്ടത്തിലെ റബർ ടാപ്പിങ് തൊഴിലാളികളാണിവർ. മണ്ണിടിച്ചിലിന്‍റെ വൻശബ്ദം കേട്ടയുടൻ കൂടെയുണ്ടായിരുന്ന അഖിൽ ഷെഡിൽനിന്ന് ഇറങ്ങിയോടി. എന്നാൽ, മറ്റുള്ളവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. അഗ്നിരക്ഷസേന, ടൗൺ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാനായത്.
പാലക്കാട് സ്വദേശിയായ ബിജു 10 ദിവസം മുമ്പാണ് വീട്ടിൽ വന്ന് മംഗലാപുരത്തേക്കു മടങ്ങിയത്. രണ്ടു വർഷത്തോളമായി മംഗലാപുരത്ത് റബർ ടാപ്പിങ് ജോലി ചെയ്യുന്നുണ്ട്. പിതാവ്: ഗോപാലൻ. മാതാവ്: ആനന്ദവല്ലി, ഭാര്യ: രേഖ. കോട്ടയം സ്വദേശിയായ സന്തോഷ് അഞ്ചുവർഷമായി മംഗളൂരുവിലാണ്. ഭാര്യ: ശാന്തി. മക്കൾ: മേഘമോൾ, ആകാശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.