സുഹാറിൽ ട്രക്ക് വാഹനങ്ങളിലിടിച്ച് മലയാളിയുൾപ്പെടെ മൂന്ന് മരണം
text_fieldsമസ്കത്ത്: ഒമാനിലെ സുഹാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അകടത്തിൽപെട്ട് മലയാളിയുൾപ്പെടെ മൂന്നുപേർ മരിച്ചു. 15പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ സ്വദേശി സുനിൽകുമാർ (48) ആണ് മരിച്ചത്. മരിച്ച മറ്റു രണ്ടുപേർ സ്വദേശി പൗരൻമാരാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വൺവേ പാതയിൽ തെറ്റായ ദിശയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഇതോടെ 11ഓളം വാഹനങ്ങൾ അപകടത്തിൽപെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം, ട്രക്ക് ഡ്രൈവർക്ക് മാനസിക പ്രശ്നമുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്ന സുനിൽ റസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം കാറിൽ ലിവയിൽപോയി തിരിച്ചുവരുന്ന വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഡ്രൈവിങ് സീറ്റിൽ കുരുങ്ങിപ്പോയ സുനിൽകുമാറിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സുനിലിന്റെ ഭാര്യ ജീജ, മക്കളായ മയൂര, നന്ദന എന്നിവർ നിസ്സാര പരിക്കുകളോടെ ആശുപത്രിയിലാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷിച്ചു വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സുനിൽ കുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.