റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; പ്രതിഷേധത്തെ തുടർന്ന് കരാറുകാരനും എൻജിനീയർക്കുമെതിരെ കേസ്
text_fieldsബംഗളൂരു: അടച്ചിട്ടും അടച്ചിട്ടും തീരാത്ത നഗര റോഡുകളിലെ കുഴിയിൽ വീണ് വീണ്ടും മരണം. പ്രതിഷേധത്തെതുടർന്ന് ബി.ബി.എം.പി ഉദ്യോഗസ്ഥയെയും ലോറി ഡ്രൈവറെയും അറസ്റ്റ് ചെയ്ത് പൊലീസ്. ബുധനാഴ്ച വൈകീട്ട് തനിസാന്ദ്ര മെയിൻ റോഡിലുണ്ടായ അപകടത്തില്‍ ചിക്കബാനവാര സ്വദേശിയായ അസീം അഹമ്മദ് (21) ആണ് മരിച്ചത്.
സംഭവത്തിൽ ബി.ബി.എം.പി മഹാദേവപുര സോണിലെ അസി. എക്സിക്യൂട്ടിവ് എൻജിനീയർ (എ.ഇ.ഇ) എസ്. സവിത, ലോറി ഡ്രൈവർ ബിദരഹള്ളി സ്വദേശി ആർ. രവി (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സവിതയെ മുഖ്യപ്രതിയായും ലോറി ഡ്രൈവറെ രണ്ടാം പ്രതിയായും റോഡ് അറ്റകുറ്റപ്പണി നടത്തേണ്ട കരാറുകാരനെ മൂന്നാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഭക്ഷണം എത്തിക്കുന്നതിനായി പോകുന്നതിനിടെ ഇരുചക്രവാഹനം കുഴിയില്‍ വീണപ്പോള്‍ അസീം അഹമ്മദ് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. ഈ സമയം വേഗത്തിലെത്തിയ ലോറി യുവാവിെൻറ വലതു കൈയിലും കാലിലും കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
റോഡിലെ കുഴി നികത്തുന്ന കാര്യം ഉദ്യോഗസ്ഥയായ സവിത അവഗണിച്ചതിനാലാണ് യുവാവ് അപകടത്തില്‍ മരിച്ചതെന്ന് ട്രാഫിക് പൊലീസ് ജോയൻറ് കമീഷണര്‍ രവികാന്തെ ഗൗഡ പത്രക്കുറിപ്പില്‍ അറിയിച്ചു. കരാറുകാരനെയും വൈകാതെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
അസീം അഹമ്മദിെൻറ മരണത്തിന് ഉത്തരവാദി റോഡിലെ കുഴികൾ അടക്കുന്നതിൽ വീഴ്ചവരുത്തിയ ബി.ബി.എം.പി അധികൃതരാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പ്രദേശത്തെ റോഡ് അറ്റകുറ്റപ്പണിയുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ഒരു മാസത്തെ കനത്ത മഴയിൽ അറ്റകുറ്റപ്പണി നടത്തിയ റോഡ് ഉൾപ്പെടെ നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നുകിടക്കുകയാണ്. റോഡ് അറ്റകുറ്റപ്പണി നടത്തുന്നിൽ ബി.ബി.എം.പി വരുത്തുന്ന വീഴ്ച നിരവധി പേരുടെ ജീവനെടുക്കുന്നതിന് കാരണമാകുകയാണെന്നാണ് പ്രധാന ആരോപണം.
സെപ്റ്റംബർ മുതൽ റോഡിലെ കുഴിയിൽ വീണ് നാല് ഇരുചക്രവാഹനയാത്രക്കാരുടെ ജീവനാണ് പൊലിഞ്ഞത്. റോഡിലെ കുഴികളിൽ വീണുള്ള അപകടങ്ങളിൽ ഉദ്യോഗസ്ഥരെ പ്രതിചേർക്കണമെന്ന കോടതിയുടെ മാർഗനിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥക്കെതിരെ പൊലീസ് കേസെടുത്തത്.
അസീം അപകടത്തിൽപെട്ട സ്ഥലത്ത് മുമ്പും അപകടങ്ങളുണ്ടായിട്ടുണ്ട്. അസീമിെൻറ പിതാവ് വർഷങ്ങൾക്കു മുമ്പ് മരിച്ചതാണ്. കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു അസീം. മഴ മാറിയിട്ടും കുഴികൾ അടക്കുന്നതിലുള്ള െമെല്ലപ്പോക്ക് നിരവധി അപകടങ്ങൾ ആവർത്തിക്കുന്നതിന് കാരണമാകുകയാണെന്നും ജനങ്ങൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.