അങ്കമാലിയിൽ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ട്രാവലർ ഡ്രൈവർ മരിച്ചു
text_fieldsഅങ്കമാലി: എം.സി റോഡിൽ അങ്കമാലി നായത്തോട് കവലയിൽ തടി ലോറിയിടിച്ച് കാറ്ററിങ് തൊഴിലാളികളായ സ്ത്രീകൾ സഞ്ചരിച്ച ട്രാവലറിലെ ഡ്രൈവർ മരിച്ചു. 18 സ്ത്രീകൾക്ക് പരിക്കേറ്റു. ഇതിൽ ഏതാനും ചിലർക്ക് സാരമായ പരുക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
പാലക്കാട് എലവുമ്പാടം പാരിജാൻ മൻസിലിൽ ഇ.എം. അബ്ദുൽ മജീദാണ് (59) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം. പാലക്കാട് 'കോശി കാറ്ററിങ്' ഏജൻസിയിലെ തൊഴിലാളികളാണ് ട്രാവലറിൽ സഞ്ചരിച്ചിരുന്നത്. പത്തനംതിട്ട റാന്നിയിലെ ചടങ്ങിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രാവലറിൽ അങ്കമാലി ഭാഗത്ത് നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് വരുകയായിരുന്ന തടി കയറ്റിയ ലോറി ഇടിക്കുകയായിരുന്നുവത്രെ. ട്രാവലറുടെ വലതുവശത്താണ് ലോറി ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ട്രാവറിന്‍റെ വലതുഭാഗം ഞെരിഞ്ഞമർന്നു.
അപകടം കണ്ട് പാഞ്ഞെത്തിയ വഴിയാത്രക്കാരും, നാട്ടുകാരും ഏറെ ക്ളേശിച്ചാണ് യാത്രക്കാരെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഇവരെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചുവെങ്കിലും അത്യാസന്നനിലയിലായിരുന്ന ഡ്രൈവർ അബ്ദുൽ മജീദിനെ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് എം.സി റോഡിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
പരിക്കേറ്റ് എൽ.എഫ് ആശുപത്രിയിൽ കഴിയുന്നവർ: എം. സന്ധ്യ (35), അനിത (34), ധന്യ പ്രിയ (38), മിനി ഉദയൻ (39), സി. സജിദ (34), ഉഷ (45), റീന (39), എം.സജിദ (38), രജിത (42), ഗീത (35), യു.സ്മിഷ (41), ശാരദ (48), സന്ധ്യ (39), ജലജ (45), ജയന്തി (35), സിന്ധു (35), വിജി (42), അനിത (34).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.