വായ്പ തിരിച്ചടവ് മുടങ്ങിയ ഇരട്ട സഹോദരങ്ങൾ വീട്ടിനകത്ത് മരിച്ച നിലയിൽ
text_fieldsകോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപറമ്പിൽ ഫാത്തിമാബീവിയുടെ മക്കളായ നിസാർ ഖാൻ (34), നസീർ ഖാൻ (34) എന്നിവരാണ് മരിച്ചത്. സാമ്പത്തികബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തിയിരുന്നതായി അയൽവാസികൾ പറഞ്ഞു.
ഞായറാഴ്ച രാത്രി മാതാവിനൊപ്പം ടി.വി കണ്ടശേഷം കിടക്കാൻ പോയതായിരുന്നു ഇരുവരും. തിങ്കളാഴ്ച രാവിലെ ആറോടെ ചായയുണ്ടാക്കി വിളിക്കാൻ ചെന്നപ്പോഴാണ് നസീറിനെ തൂങ്ങിയനിലയിൽ കണ്ടത്. മാതാവിെൻറ നിലവിളി കേട്ട് അടുത്തുള്ളവർ ഓടിയെത്തിയപ്പോൾ അടുത്ത മുറിയിൽ നിസാറിനെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
2019 മേയ് രണ്ടിന് കോട്ടയം സഹകരണ അർബൻ ബാങ്ക് മണിപ്പുഴ ശാഖയിൽനിന്ന് 13 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 10 വർഷം കാലാവധിയുള്ള പർച്ചേസ് ലോണാണ് എടുത്തത്. ഈ തുക ഉപയോഗിച്ചാണ് കടുവാക്കുളത്ത് ഇപ്പോൾ താമസിക്കുന്ന അടുത്തടുത്ത രണ്ട് കൊച്ചുവീടുകൾ വാങ്ങിയത്. മൂന്നുവർഷമേ ആയിട്ടുള്ളൂ ഇവർ ഇവിടെ എത്തിയിട്ട്. അതിനുമുമ്പ് 10 വർഷത്തിലേറെ നാട്ടകം സിമൻറ് കവലയിൽ വാടകക്ക് താമസിച്ചിരുന്നു.
കോടിമതയിൽ എസ് ആൻഡ് എസ് സ്ഥാപനത്തിൽ ക്രെയിൻ ഓപറേറ്റർമാരായിരുന്നു ഇരുവരും. എന്നാൽ, ക്രെയിൻ ഉടമ സജി എന്ന ജയകുമാർ അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചതോടെ ജോലിയില്ലാതായി. സാമ്പത്തിക പ്രതിസന്ധി അലട്ടിയിരുന്നതായാണ് വിവരം. വായ്പ മുടങ്ങി ബാങ്ക് അധികൃതർ വീട്ടിലെത്തിയതോടെ ഇരുവരും കുറച്ചുനാളായി വീടിന് പുറത്തിറങ്ങാറില്ല.
അവിവാഹിതരാണ് ഇരുവരും. വിവാഹിതരായ രണ്ട് സഹോദരിമാരുണ്ട്. വിവരമറിഞ്ഞ് ജില്ല പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ കൊല്ലാട്, വാർഡ് മെംബർ ഷീബ ലാലിച്ചൻ, കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെേജാ പി. ജോസഫ് എന്നിവർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ചൊവ്വാഴ്ച താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.