ഇരുചക്ര വാഹനങ്ങളിലേക്ക് ടോറസ് പാഞ്ഞുകയറി രണ്ടു മരണം
text_fieldsവരാപ്പുഴ(കൊച്ചി): ദേശീയപാത 66ൽ വരാപ്പുഴ പാലത്തിന് സമീപം പുതുതായി ആരംഭിച്ച പെട്രോൾ പമ്പിന് മുന്നിൽ ടോറസ് ലോറി ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചുകയറി നഴ്സ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ മന്നം സ്വദേശി കുര്യാപറമ്പിൽ വീട്ടിൽ ഷംസു -അസ്മ ദമ്പതികളുടെ മകൻ നസീബ് (38), പാനായിക്കുളം ചിറയം പള്ളത്ത്നാട് സ്വദേശിനി അറയ്ക്കൽ വീട്ടിൽ ആന്റണിയുടെ ഭാര്യ ലിസ (38) എന്നിവരാണ് മരിച്ചത്. ഏഴിക്കര സ്വദേശി രവീന്ദ്രനെ ഗുരുതരാവസ്ഥയിൽ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപെട്ടവർ മൂന്നു വാഹനങ്ങളിൽ സഞ്ചരിച്ചവരാണ്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വരാപ്പുഴ ഭാഗത്തുനിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്നു അപകടത്തിൽപെട്ട മൂന്നു ഇരുചക്രവാഹനങ്ങളും. മുന്നിൽപോയ ബൈക്ക് യാത്രികൻ പെട്രോൾ പമ്പിലേക്ക് തിരിയുന്നതിന് അപ്രതീക്ഷിതമായി വേഗം കുറച്ച് നിർത്തിയതോടെ പിന്നാലെ വന്ന രണ്ടു ബൈക്കുകളും വേഗം കുറച്ച് കടന്നുപോകാൻ ശ്രമിച്ചു. ഇതിനിടെ പിന്നിൽനിന്ന് വന്ന ടോറസ് ലോറി മൂന്നു ഇരുചക്രവാഹനങ്ങളും ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടു പോവുകയായിരുന്നു. മൂന്നു പേരെയും മറ്റു വാഹനത്തിലുണ്ടായവരാണ് ആശുപത്രിയിൽ എത്തിച്ചത്.
നസീബിന്റെ മൃതദേഹം ചൊവ്വാഴ്ച മാഞ്ഞാലി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ലിസയുടെ സംസ്കാരം ചൊവ്വാഴ്ച കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും. നസീബ് എറണാകുളത്തെ ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. അമൃത ആശുപത്രിയിലെ നഴ്സാണ് ലിസ ആന്റണി. മക്കൾ: ശ്രേയ റോസ്, ഇസ്ര മരിയ. നസീബിന്റെ ഭാര്യ: നാജിയ. മക്കൾ: നസ്റിൻ ഫൈസൽ, ഫിദ, ഫർസു. സഹോദരങ്ങൾ: ഫിറോസ്, റിയാസ്, സബീന. സംഭവത്തിൽ ലോറി ഡ്രൈവർ രാജസ്ഥാൻ സ്വദേശി അജിത് കുമാറിനെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.