കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികളും പേരക്കുട്ടിയും മരിച്ചു
text_fieldsവാടാനപ്പള്ളി (തൃശൂർ): ദേശീയപാതയിൽ തളിക്കുളം കൊപ്രക്കളത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികളായ വയോധികരും പേരക്കുട്ടിയുമടക്കം മൂന്നുപേർ മരിച്ചു. അധ്യാപക ദമ്പതികളടക്കം മൂന്നുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ പറവൂർ തട്ടാൻപടി പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79), മകൻ ഷിജുവിന്റെ മകൾ അഭിരാമി (11) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ച ഷിജു (49), ഭാര്യ ശ്രീജ (44), ബസ് യാത്രക്കാരി സന്ധ്യ എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. അമിതവേഗതയിൽ സഞ്ചരിച്ചിരുന്ന കാർ വലതുഭാഗത്തുകൂടെ സഞ്ചരിച്ച് എതിരെ വന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ശക്തിയിൽ കാറിന്റെ മുൻഭാഗം തകർന്നു.
അപകടത്തിൽപെട്ടവരെ തളിക്കുളം ആംബുലൻസ് സർവിസ്, തൃപ്രയാർ, വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ എന്നിവർ ചേർന്നാണ് തൃശൂർ അശ്വിനി ആശുപത്രിയിൽ എത്തിച്ചത്. പാറുക്കുട്ടി സംഭവസ്ഥലത്ത് മരിച്ചു. പത്മനാഭൻ ആശുപത്രിയിൽ എത്തിച്ചയുടനെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിരാമി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഉച്ചക്ക് ശേഷമാണ് മരിച്ചത്.
ഗുരുവായൂരിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് കാർ ഇടിച്ചത്. കാറിലുണ്ടായിരുന്നവർ ഗുരുവായൂരിൽ ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു. നാട്ടുകാരും ആക്ട്സ് പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷിജു തിരുവനന്തപുരം എൽ.ബി.എസ് എൻജിനീയറിങ് കോളജിലെ അധ്യാപകനാണ്. ശ്രീജ അമ്പലപ്പുഴ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആണ്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിലാണ്. വലപ്പാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. പത്മനാഭന്റെ മറ്റു മക്കൾ: ഷാജു (കെ.എസ്.ഇ.ബി എക്സി. എൻജിനീയർ, വൈദ്യുതി ഭവൻ, തിരുവനന്തപുരം), അഡ്വ. സ്റ്റെല്ല, സ്റ്റൈജു. മരുമക്കൾ: പ്രമോദ്, പരേതയായ വിദ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.