കണ്ണപുരത്ത് നിർത്തിയിട്ട ലോറിക്കുപിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു
text_fieldsകണ്ണപുരം (കണ്ണൂർ): പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ കണ്ണപുരം പാലത്തിനു സമീപം നിർത്തിയിട്ട ലോറിക്കുപിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. ചിറക്കൽ അലവിലിലെ കരിക്കൻ വീട്ടിൽ പരേതനായ കൃഷ്ണന്റെയും സുഷമയുടെയും മകൻ പ്രജിൽ (34), പൂതപ്പാറയിലെ ഓം നിവാസിൽ ലക്ഷ്മണൻ-ലീല ദമ്പതികളുടെ മകൾ പൂർണിമ (30) എന്നിവരാണ് മരിച്ചത്.
കണ്ണൂർ സബ് ജയിലിനുസമീപത്തെ പുലരി ഹോട്ടൽ ഉടമ ബിജിന്റെ ഭാര്യയാണ് പൂർണിമ. ഇവർ സുഹൃത്തുക്കളായ പ്രജിൽ, ബിജിൻ എന്നിവരുടെ കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ ശനിയാഴ്ച പുലർച്ച രണ്ടരക്കാണ് അപകടം. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിക്കുപിറകിൽ ഇടിക്കുകയായിരുന്നു.
പിറകെ വന്ന കാറിലെ യാത്രക്കാരാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
മരിച്ച പ്രജിൽ കണ്ണൂർ ജെ.എസ് പോളിനു സമീപത്തെ ശ്രീകൃഷ്ണ, പ്രേമ എന്നീ ഹോട്ടലുകളുടെ ഉടമയാണ്. ഭാര്യ: നീതു. മകൾ: ആഷ്മി. പൂർണിമയുടെ മക്കൾ: അനൗക്കി, അയാൻ. അപകടത്തിൽ നിസ്സാര പരിക്കേറ്റ നീതുവും ആഷ്മിയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.