അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
text_fieldsമാവേലിക്കര: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരാൾ നീന്തി രക്ഷപ്പെട്ടു. വെട്ടിയാർ തറാൽ വടക്കേതിൽ ഉദയൻ-ബിനിലത ദമ്പതികളുടെ മകൻ അഭിമന്യു (മണികണ്ഠൻ -15 ), വെട്ടിയാർ തറാൽ വടക്കേതിൽ സുനിൽ-ദീപ്തി ദമ്പതികളുടെ മകൻ ആദർശ് (17) എന്നിവരാണ് മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങിയ വെട്ടിയാർ തറാൽ വടക്കേതിൽ ലാലൻ-ബിജി ദമ്പതികളുടെ മകൻ ഉണ്ണികൃഷ്ണനാണ് (14 ) നീന്തി രക്ഷപ്പെട്ടത്. മൂന്നുപേരും അയൽവാസികളും ബന്ധുക്കളുമാണ്.
ശനിയാഴ്ച വൈകീട്ട് നാലോടെ അച്ചൻകോവിലാറ്റിൽ വെട്ടിയാർ കൊമ്മ ഭാഗത്തായിരുന്നു അപകടം. സൈക്കിൾ ചവിട്ടാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ മൂന്നുപേരും കൊമ്മ ഭാഗത്ത് എത്തിയപ്പോൾ സൈക്കിൾ കരക്കുവെച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു. രക്ഷപ്പെട്ട ഉണ്ണികൃഷ്ണൻ അലറിവിളിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ ആദർശിനെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരമണിക്കൂറിനുള്ളിൽ അഭിമന്യുവിന്റെയും മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
അഭിമന്യു കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷ വിജയിച്ചിരുന്നു. പിതാവ് ഉദയൻ മരംവെട്ട് തൊഴിലാളിയാണ്. അഭിനവ്, അഭിഷേക് എന്നീ ഇരട്ട സഹോദരങ്ങളുമുണ്ട്. ചെറിയനാട് ആലാ സ്കൂളിൽ പ്ലസ് ടു പരീക്ഷഫലം കാത്തിരിക്കെയാണ് ആദർശിന്റെ മരണം. ഉണ്ണികൃഷ്ണൻ ഇടപ്പോൺ പാറ്റൂർ ശ്രീബുദ്ധ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.