ആ വേഗഭ്രാന്ത് എത്ര ആത്മാക്കളെയാണ് അകത്താക്കിയത്...
text_fieldsപാലക്കാട്: ചിതറിത്തെറിച്ച ബ്രഡ് പൊതികൾ, ഭക്ഷണ പാക്കറ്റുകൾ, സി.ഡികൾ, ചെരിപ്പുകൾ ...ദുരന്തമുഖം അതേപടി സമ്മാനിക്കുന്നുണ്ട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ്സ്റ്റോപ്പിന് സമീപത്തെ അപകടപ്രദേശം. ചരിഞ്ഞ ബസ് ഉയർത്തിവെച്ചതൊഴിച്ചാൽ ഭീതിതമായ അപകടത്തിന്‍റെ അതേ ദൃശ്യം. ചിതറിപ്പോയ ടൂറിസ്റ്റ് ബസ്, ഇടിച്ചുകയറിയ ഭാഗം കുഴിഞ്ഞുപോയ കെ.എസ്.ആർ.ടി.സി.
'അസുര, സോൾ ഈറ്റർ മാഡ്നസ്' ടൂറിസ്റ്റ് ബസിന്‍റെ പിറകിൽ എഴുതിവെച്ചപോലെത്തന്നെ ആ വേഗഭ്രാന്ത് എത്ര ആത്മാക്കളെയാണ് അകത്താക്കിയത്' -അപകട ബസ് കാണാനെത്തിയവരിൽ ഒരു വിദ്യാർഥിനി ടൂറിസ്റ്റ് ബസിന്‍റെ പിറകിലെ വാക്കുകളിൽ കണ്ണോടിച്ച് പറഞ്ഞു.
വടക്കഞ്ചേരി ബസപകടം നടന്ന സ്ഥലം കാണാൻ എത്തുന്നവരുടെ തിരക്ക് തുടരുകയാണ്. സെൽഫിയെടുക്കാനും വിഡിയോയിൽ പകർത്താനുമാണ് വഴിയെ പോകുന്നവരെല്ലാം വാഹനം നിർത്തുന്നത്.
അപകടം നടന്ന സ്ഥലത്ത് മൂന്ന് പൊലീസുകാരെ കാവലിന് നിയോഗിച്ചിട്ടുണ്ട്. മന്ത്രി ടി.വി. രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ആലത്തൂർ ഡിവൈ.എസ്.പി തുടങ്ങിയവർ വെള്ളിയാഴ്ചയും സംഭവ സ്ഥലത്തെത്തി. ഹൈകോടതിയിൽ നിന്ന് പ്രത്യേക സംഘമെത്തുമെന്ന് പൊലീസിൽ അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും എത്തിയില്ല. വ്യാഴാഴ്ച രാത്രി മുഴുവൻ നിന്ന പൊലീസുകാർ വെള്ളിയാഴ്ച പുലർച്ചെ പുതിയ ടീമെത്തിയതോടെയാണ് മടങ്ങിയത്. നാട്ടുകാർ മാലിന്യം തള്ളുന്ന പ്രദേശത്താണ് അപകടം നടന്നത്. അറവ് മാലിന്യം തള്ളി ദുർഗന്ധമയമാണ് പ്രദേശം. ഈ പ്രദേശത്തെക്കാണ് ആളുകൾ ഇടിച്ചുകയറുന്നത്. അന്വേഷണ കമീഷനുകളുടെയും ഇൻഷുറൻസ് ഏജന്‍റുമാരുടെയും പരിശോധനകൾക്ക് ശേഷമാണ് ബസുകൾ ഇവിടെ നിന്ന് മാറ്റാനാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.