ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവതി മരിച്ചു
text_fieldsലീനു
പന്തളം: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവതി മരിച്ചു. എം.സി റോഡിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന എറണാകുളം മൂവാറ്റുപുഴ, ഊരമന വള്ളൂർ കാട്ടിൽ എൽദോസ് വർഗീസിന്റെ ഭാര്യ ലീനു എൽദോസാണ് (35) മരിച്ചത്.
ശനിയാഴ്ച രാവിലെ 10ന് എം.സി റോഡിൽ പന്തളം പൊലീസ് സ്റ്റേഷൻ സമീപത്തായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് അപകടത്തിന് ഇടയാക്കിയത്.
അടുത്തദിവസം വിദേശത്തേക്ക് പോകുന്നതിനായി ലീനുവിന്റെ സഹോദരി ലീജയെ കാണാൻ പത്തനാപുരം, പട്ടാഴിയിലെ വീട്ടിലേക്ക് വരികയായിരുന്നു ദമ്പതികൾ. ഇവർ സഞ്ചരിച്ച സ്കൂട്ടറിനെ മറികടന്ന് വന്ന ബസ്സിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി ലീനു ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ബസിൻ്റെ പിന്നിലെ ടയർ ലീനുവിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങി.
ഉടൻ നാട്ടുകാർ ചേർന്ന് യുവതിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ച ഭർത്താവ് എൽദോസിന് (36) നിസ്സാര പരിക്കാണുള്ളത്. മസ്കത്തിൽ നഴ്സിങ് ജോലി ചെയ്യുന്ന ഇരുവരും രണ്ടാഴ്ചയ്ക്ക് മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. പത്തനാപുരം, പട്ടാഴി മീനം സ്വാമി നഗറിൽ സായകത്തിൽ ജയകുമാറിന്‍റെയും ലീല മണിയുടെയും മകളാണ് മരിച്ച ലീനു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.