നടൻ റിസബാവ അന്തരിച്ചു
text_fieldsകൊച്ചി: ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാള സിനിമാ േപ്രക്ഷകർക്ക് പ്രിയങ്കരനായ നടൻ റിസബാവ (60) അന്തരിച്ചു. ഉയർന്ന രക്ത സമ്മർദവും വൃക്ക സംബന്ധമായ അസുഖവും മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെൻറിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന റിസബാവ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മരിച്ചു.
മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ മാളിയേക്കൽ ഓഡിറ്റോറിയത്തിനു സമീപം ജിയാ റസിഡൻസിയിൽ കൂതാരി പറമ്പിൽ പരേതനായ കെ.ഇ. മുഹമ്മദ് ഇസ്മായിലിന്‍റെ (ബാവ) മകനാണ്. നാടകങ്ങളിലൂടെയാണ് കലാജീവിതം ആരംഭിച്ചത്. ചലച്ചിത്ര അഭിനേതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പേരെടുത്തു. 1984ൽ 'വിഷുപ്പക്ഷി' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990ൽ റിലീസായ 'ഡോക്ടർ പശുപതി' എന്ന സിനിമയിൽ പാർവതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990ൽ തന്നെ സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഇൻ ഹരിഹർ നഗർ' എന്ന സിനിമയിലെ വില്ലൻ വേഷമായ ജോൺ ഹോനായിയിലൂടെ ആണ്.
പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. വിവിധ ചാനലുകളിലെ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി സിനിമയായ 'വൺ' ആണ് അവസാന ചിത്രം. 'കർമ്മയോഗി' എന്ന സിനിമയുടെ ഡബ്ബിങിന് 2011ൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു.
മാതാവ്: പരേതയായ സൈനബ ഇസ്മായിൽ. ഭാര്യ: ജമീല ബീവി, മകൾ: ഫിറൂസ സഹൽ. മരുമകൻ:സഹൽ. ഖബറടക്കം കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.