പുന്നപ്ര-വയലാർ സമരം: വാർഷിക വാരാചരണങ്ങൾക്ക് ചെങ്കൊടിയുയർന്നു
text_fieldsആലപ്പുഴ: തൊഴിലാളിവർഗ പോരാട്ട ചരിത്രത്തിലെ ഇതിഹാസമായ പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരത്തിന്റെ 76ാം വാർഷിക വാരാചരണങ്ങൾക്ക് ചെങ്കൊടി ഉയർന്നു. പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനും സമരഭൂമിയായ പുന്നപ്രയിൽ 5.30നും മാരാരിക്കുളത്ത് ആറിനുമാണ് പതാക ഉയർന്നത്.
രക്തസാക്ഷി കാട്ടൂർ ജോസഫിന്റെ വീട്ടിൽനിന്ന് താലൂക്ക് വാരാചരണ കമ്മിറ്റി സെക്രട്ടറി ആർ. സുരേഷ് ഏറ്റുവാങ്ങിയ പതാക വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാർഡിൽ കാക്കരിയിൽ കരുണാകരന്റെ വീട്ടിൽനിന്ന് വാരാചരണ കമ്മിറ്റി മേഖല പ്രസിഡന്റ് പി.പി. പവനൻ ഏറ്റുവാങ്ങിയ പതാകയും രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. വിപ്ലവ ഗായിക പി.കെ. മേദിനി ഇരുമണ്ഡപത്തിലും പതാക ഉയർത്തി. തുടർന്ന് നടന്ന സി.എച്ച്. കണാരൻ അനുസ്മരണ സമ്മേളനത്തിൽ വി.എസ്. മണി അധ്യക്ഷത വഹിച്ചു.
പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച ടി.പി. രണദേവിന്റെ വസതിയിൽ അദ്ദേഹത്തിന്റെ ഭാര്യ സുമംഗലയിൽനിന്ന് എച്ച്. സലാം എം.എൽ.എ ഏറ്റുവാങ്ങി പി. സുരേന്ദ്രന് കൈമാറി. കൊടിമരം സമരസേനാനി പുന്നപ്ര വടക്ക് പഞ്ചായത്ത് 12ാം വാർഡ് കരിയാടിപ്പറമ്പിൽ അന്ത്രയോസിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ വസതിയിൽ മകൾ ഫിലോമിനയിൽനിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി എ. ഓമനക്കുട്ടൻ ഏറ്റുവാങ്ങി. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ പതാകയുയർത്തി. മാരാരിക്കുളത്ത് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക മുഹമ്മയിൽനിന്നും കൊടിക്കയർ കണിച്ചുകുളങ്ങരയിൽനിന്നും ബാനർ മാരാരിക്കുളത്തുനിന്നും പ്രകടനമായി എത്തിച്ചു.
മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പുറപ്പെട്ട വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു ജാഥ ക്യാപ്റ്റൻ എം.കെ. ഉത്തമന് കൈമാറി ഉദ്ഘാടനം ചെയ്തു.
27ന് വയലാർ രക്തസാക്ഷി ദിനാചരണം. വൈകീട്ട് വയലാറിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.