തോട്ടപ്പള്ളിയിൽ വീണ്ടും മണൽകടത്ത്; ഉറക്കംകെടുത്തി ടിപ്പറുകളുടെ പരക്കംപാച്ചിൽ
text_fieldsഅമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ തീരദേശവാസികളുടെ ഉറക്കംകെടുത്തി മണ്ണ് നിറച്ച ടിപ്പറുകളുടെ പരക്കംപാച്ചിൽ.
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരം മുട്ടുമടക്കിയതോടെയാണ് ഖനനം രാപ്പകൽ തുടരുന്നത്.
കഴിഞ്ഞ മേയിലാണ് കരിമണൽ ഖനനത്തിനെതിരെ കോൺഗ്രസ്, ധീവരസഭ എന്നിവയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. താൽക്കാലിക പന്തലിൽ ആരംഭിച്ച റിലേ സത്യഗ്രഹം ഡി.സി.സി പ്രസിഡൻറ് എം. ലിജുവാണ് ഉദ്ഘാടനം ചെയ്തത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ വിവിധ ദിവസങ്ങളിലെത്തി അണികൾക്ക് സമരാവേശം പകർന്നു. പിന്നീട് നേതാക്കളില്ലാതെ സമരപ്പന്തൽ ഒഴിഞ്ഞു. ഇതോടെ, രാപ്പകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് ടിപ്പറുകളാണ് മണൽ കടത്തുന്നത്. പൊഴിയുടെ തെക്കുഭാഗം പൂർണമായും കടലെടുത്തതോടെ വടക്കുഭാഗത്തുകൂടിയാണ് മണൽ കടത്ത്.
ടിപ്പറുകളുടെ പരക്കംപാച്ചിലിൽ റോഡരികിലെ പലവീടുകളുടെ ഭിത്തികളും വിണ്ടുകീറി. പ്രദേശവാസികൾ പ്രതിഷേധസമരത്തിന് നേതൃത്വം നൽകിയ നേതാക്കളെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.