പട്ടച്ചരട് കഴുത്തിൽ കുരുങ്ങി സൈനികന് ദാരുണാന്ത്യം
text_fieldsഹൈദരാബാദ്: ജോലി കഴിഞ്ഞ് ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി സൈനികന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ കെ. കോട്ടേശ്വർ റെഡ്ഡി എന്ന സൈനികനാണ് മരിച്ചത്.
സമാന രീതിയിലുള്ള നിരവധി അപകടങ്ങൾക്ക് കാരണമായതിനാൽ നിരോധിക്കപ്പെട്ട ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന പട്ടച്ചരടാണ് കോട്ടേശ്വറിന്റെയും ജീവൻ അപഹരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹം താമസിച്ചിരുന്ന ഹൈദരാബാദിലെ ലംഗർ ഹൗസ് ഭാഗത്തേക്ക് ബൈക്കിൽ പോകവെ ആരോ പറത്തിയ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞാണ് മരണം.
മൃതദേഹം ഉസ്മാനിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സൈനിക അധികാരികൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചില്ലുപൊടിയും പശയും ചേർത്ത് ബലപ്പെടുത്തിയ കോട്ടൺ നൂലാണ് പട്ടച്ചരടായി ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച. പട്ടം പറത്തൽ മത്സരങ്ങളിൽ മറ്റ് പട്ടങ്ങളുടെ ചരടുകൾ മുറിക്കാനാണ് ഈ കോട്ടിങ് ഉപയോഗിക്കുന്നത്. നിരവധി പേരുടെ ജീവൻ അപഹരിച്ചതിനാൽ ഈ ചരടുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.