ബ്ലാക്ക് ഫംഗസ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപിക മരിച്ചു
text_fieldsഗാന്ധിനഗർ (കോട്ടയം): കോവിഡാനന്തരമുണ്ടായ ബ്ലാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) ബാധിച്ച് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. മല്ലപ്പള്ളി മുക്കൂർ പുന്നമണ്ണിൽ പ്രദീപ് കുമാറിെൻറ ഭാര്യയും കന്യാകുമാരി സി.എം.ഐ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാർ (32) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അക്കൗണ്ടൻറായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തിൽ വാടകക്കായിരുന്നു താമസം.
മേയ് ഏഴിന് അനീഷക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ച് രണ്ടുപേരും ഹോം ക്വാറൈൻറനിൽ കഴിഞ്ഞു. രണ്ടു ദിവസം പിന്നിട്ടപ്പോൾ ശ്വാസംമുട്ടൽ കൂടി. ഇതോടെ നാഗർകോവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാൽ സമീപത്തെ ആയുർവേദ ആശുപത്രിയിൽ ക്വാറൈൻറനിൽ കഴിഞ്ഞു. 12ന് രോഗം ഭേദമായി ഇരുവരും വീട്ടിലേക്ക് വരുന്നതുവഴി അനീഷക്ക് ചെറിയ അസ്വസ്തതയുണ്ടായി. രാത്രി ആയപ്പോൾ ഇരു കണ്ണുകൾക്കും വേദന അനുഭവപ്പെട്ടു.
13ന് പുലർച്ചെ വേദന കഠിനമാകുകയും വീണ്ടും നാഗർകോവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇൗ സമയം രക്തസമ്മർദ്ദം വളരെ കൂടുതലായിരുന്നു. കണ്ണിൽ കൊഴുപ്പ് അടിഞ്ഞുകൂടി. കിഡ്നിയിൽ ഉപ്പിെൻറ അംശവും വളരെ കൂടുതലായി. എന്താണ് രോഗമെന്ന് ആദ്യഘട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല.
16നാണ് ബ്ലാക്ക് ഫംഗസാണെന്ന് മനസ്സിലായത്. പിന്നീട് ഇതിനുള്ള മരുന്ന് തമിഴ്നാട്ടിലും കേരളത്തിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് കണ്ണിന് ശസ്ത്രക്രിയ ചെയ്യാനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അനീഷയെ അയക്കാൻ തീരുമാനിച്ചു.
18ന് വൈകീട്ട് ആറിന് തിരുവനന്തപുരത്ത് പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില മോശമായി തുടർന്നു. ബുധനാഴ്ച വൈകീട്ട് ആറിനാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച കോവിഡ് മാനദണ്ഡം പാലിച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.