ആദ്യമായി മാതാപിതാക്കളെ കണ്ട 17കാരൻ ദിവസങ്ങൾക്കകം ആത്മഹത്യ ചെയ്തു
text_fieldsജനിച്ച ശേഷം ആദ്യമായി മാതാപിതാക്കളെ കണ്ടതിന്‍റെ ത്രില്ലിലായിരുന്നു ലിയു ഷുഷൂ എന്ന 17കാരനായ ചൈനീസ് ബാലൻ. സോഷ്യൽ മീഡിയയായിരുന്നു അതിന് വഴിയൊരുക്കിയത്. അതുകൊണ്ടുതന്നെ ചൈനയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള നെറ്റിസൺസ് ഈ പുനർസമാഗമത്തെ ഏറെ ആഘോഷിച്ചു. എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഈ കൂടിച്ചേരലിന്‍റെ ചൂടുംചൂരം അവസാനിക്കുംമുേമ്പ എല്ലാവരെയും കണ്ണീരിലാഴ്ത്തി ലിയു ഷൂഷു കഴിഞ്ഞ ദിവസം ജീവനൊടുക്കി. 'ലിയൂ! നീ ഞങ്ങളെ തോൽപിച്ചു കളഞ്ഞല്ലോ...!' എന്ന് വിലപിക്കുകയാണ് ഈ വിയോഗ വാർത്ത അറിഞ്ഞ നെറ്റിസൺസ്.
ജന്മം നൽകിയ മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ലിയു മരണത്തെ പുൽകിയത്. തന്‍റെ മാതാപിതാക്കളെ തിരയാൻ സോഷ്യൽ മീഡിയയുടെ സഹായം സ്വീകരിച്ച ലിയു ഷുഷൂ അവരുമായി വീണ്ടും ഒന്നിക്കുന്നത് ഏറെ പൊതുജനശ്രദ്ധ നേടിയിരുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ലിയുവിന്‍റെ ജനനശേഷം വേർപിരിഞ്ഞ മാതാപിതാക്കൾ വേറെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. പൊലീസിന്‍റെ കൂടി സഹായത്തോടെയാണ് ഇവരെ കണ്ടെത്തി ലിയുവിന്‍റെ അടുത്തെത്തിച്ചത്. സ്വന്തം മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചതിന്‍റെ ഫോട്ടോകൾ ലിയു പങ്കിട്ടത് ആഹ്ലാദാരവത്തോടെയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്. എന്നാൽ, ജനിച്ച ഉടൻ മാതാപിതാക്കൾ കുരുന്നിനെ പണംവാങ്ങി വിൽക്കുകയായിരുന്നുവെന്നും ദത്ത് നൽകിയതല്ലെന്നും അറിഞ്ഞതോടെ വിഷയം മാറിമറിഞ്ഞു. മാതാപിതാക്കളിൽ നിന്ന് ലിയു ജീവനാംശം ആവശ്യപ്പെട്ടു. ഇതോടെ അതുവരെ ഒപ്പം നിന്ന സോഷ്യൽ മീഡിയയിലെ ഒരുവിഭാഗം ലിയുവിനെതിരെ തിരിഞ്ഞു. ഇരുപക്ഷത്തുമായി നിലയുറപ്പിച്ച നെറ്റിസൺസ് വിഷയം കത്തിച്ചു നിർത്തി. ലിയു സ്വാർത്ഥനാണെന്ന് പലരും ആരോപിച്ചു. ഇത് ഈ കൗമാരക്കാരനെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നാണ് 7,000 വാക്കുകളിലെഴുതിയ ആത്മഹത്യാ കുറിപ്പ് സൂചിപ്പിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ലിയുവിന്‍റെ ജനനവും ദത്തെടുക്കലും
ലിയുവിന്‍റെ ജനനവും ദത്തെടുക്കലും സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. 2004-നും 2006-നും ഇടയിൽ വടക്കൻ ഹെബെയ് പ്രവിശ്യയിലെ ഗ്രാമപ്രദേശത്തായിരുന്നു ജനനം. 15 വയസ്സാണെന്നാണ് പിതാവ് പറയുന്നത്. എന്നാൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് പ്രകാരം 17 ആണ് പ്രായം.
ജനനസമയത്ത് മാതാപിതാക്കൾ അവിവാഹിതരായിരുന്നു. അതിനാൽ കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചു. ഏകദേശം 4,200 ഡോളർ നൽകിയാണ് വാങ്ങിയതെന്ന് ലിയുവിനെ ദത്തെടുത്ത കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, 2009ൽ വളർത്തു മാതാപിതാക്കൾ മരിച്ചതോടെ ലിയു തീർത്തും അനാഥനായി. പിന്നീട് അവരുടെ കുടുംബമായിരുന്നു ലിയുവിന്‍റെ രക്ഷാകർതൃത്വം ഏറ്റെടുത്തത്.
മരണകാരണം അമിതമായി വിഷാദ ഗുളിക കഴിച്ചത്
തിങ്കളാഴ്ച വിഷാദ ഗുളിക അമിതമായി കഴിച്ചതിനെത്തുടർന്നാണ് ലിയു മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവശനിലയിലായതിനെ തുടർന്ന് ലിയുവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 'എന്നെ പരിപാലിച്ച എല്ലാവർക്കും നന്ദി, ഞാൻ നിങ്ങളെ പരാജയപ്പെടുത്തിയതിൽ ഖേദിക്കുന്നു' എന്നായിരുന്നു ആത്മഹത്യാകുറിപ്പിലെഴുതിയത്. 'ഈ ലോകത്ത് ക്ഷുദ്ര ചിന്തയുള്ള ആളുകൾ കുറവായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു'വെന്നും ഹൃദയവേദനയോടെ അവൻ കുറിച്ചു. കുട്ടിക്കാലത്തെ നഷ്ടം, ഭീഷണിപ്പെടുത്തൽ, പീഡനം, വിഷാദം എന്നിവ സംബന്ധിച്ചും അവസാന എഴുത്തിൽ ലിയു വിവരിക്കുന്നുണ്ട്.
ലിയുവിന്‍റെ വേദനാജനകമായ വിയോഗത്തെ തുടർന്ന് സൈബർ അറ്റാക്കിനെകുറിച്ചും അനാഥരായ കുട്ടികളുടെ വിഷമങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ സ്വയംവിമർശനാത്മകമായ വിലയിരുത്തലുകൾ സജീവമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.