ശ്വാസകോശത്തിലെ അണുബാധ; ഛായാഗ്രാഹക കെ.ആർ. കൃഷ്ണ അന്തരിച്ചു
text_fieldsപെരുമ്പാവൂർ: ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹകയും വിമെൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ. കൃഷ്ണ (30) അന്തരിച്ചു. മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ രോഗം മൂർഛിച്ചു മരിച്ചുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം ലഭിച്ചത്.
തെലുങ്ക് ചിത്രത്തിന്റെ ഛായാഗ്രാഹകയായിരുന്ന കൃഷ്ണ ഒരു മാസം മുൻപ് നാട്ടിൽ വന്നുപോയതാണ്. ശ്രീനഗറിലും അരുണാചൽപ്രദേശിലുമായിരുന്നു ഷൂട്ടിങ്. 20-ാം വയസിൽ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹഛായാഗ്രാഹകയായിരുന്നു. ആദ്യം പരസ്യചിത്രരംഗത്തായിരുന്നു.മുൻപ് പെരുമ്പാവൂരും കുറുപ്പംപടിയിലും ഇപ്പോൾ കോതമംഗലത്തും ഗിന്നസ് എന്ന പേരിൽ കൃഷ്ണയുടെ കുടുംബം സ്റ്റുഡിയോ നടത്തുന്നുണ്ട്.
മരണവിവരം അറിഞ്ഞ് സഹോദരൻ ഉണ്ണി കശ്മീരിലെത്തി. കണ്ണൻ എന്ന ഒരു സഹോദരൻ കൂടിയുണ്ട്. ഇന്ന് വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കും. ബുധനാഴ്ച സംസ്കാരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.