കൊടുങ്ങല്ലൂരിൽ മക്കൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു; പ്രതി കടയിലെ മുൻ ജീവനക്കാരൻ
text_fieldsകൊടുങ്ങല്ലൂർ (തൃശൂർ): വ്യാഴാഴ്ച രാത്രി സ്കൂട്ടറിൽ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മരണം. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യുവതിയുടെ അറ്റുപോയ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വർമ സ്കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു. പ്രതി വലിയകത്ത് റിയാസ് (26) മുമ്പ് യുവതിയുടെ തുണിക്കടയിൽ ജോലിക്കാരനായിരുന്നു.
സംഭവസമയം അതുവഴി വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതോടെ ആക്രമി സ്ഥലം വിട്ടു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
പ്രതി റിയാസ് ഇവരുടെ സമീപവാസിയാണ്. ഇയാൾക്കെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. പ്രതിക്കായി തിരച്ചിൽ തുടങ്ങി. ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.