കുത്തേറ്റുമരിച്ച ആർ.എസ്.എസ് പ്രവര്‍ത്തകനെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ; കൊലക്ക് പിന്നിൽ ലഹരിസംഘമെന്ന് പൊലീസ്; സി.പി.എമ്മെന്ന് ബി.ജെ.പി
text_fieldsഹരിപ്പാട്: ക്ഷേത്ര ഉത്സവത്തിനിടെ തർക്കത്തെ തുടർന്ന് കുമാരപുരത്ത് കുത്തേറ്റു മരിച്ച ആർ.എസ്.എസ് പ്രവര്‍ത്തകനെ ബൈക്കിൽ ഇരുത്തിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് കൂടെയുള്ളവർ. തൃക്കുന്നപുഴ കിഴക്കേക്കര വടക്ക് വാര്യംകാട് ശരത് ഭവനത്തിൽ ചന്ദ്രൻ - സുനിത ദമ്പതികളുടെ മകൻ ശരത് ചന്ദ്രനാണ് (അക്കു- 26) കൊല്ലപ്പെട്ടത്. സുഹൃത്തായ മനോജിന് (25) വെട്ടേറ്റ് സാരമായ പരിക്കുണ്ട്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ കുമാരപുരം കാട്ടിൽ മാർക്കറ്റ് കരിപ്പൂത്തറ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
വയറ്റിൽ കുത്തേറ്റു വീണ ശരത് ചന്ദ്രനെയും മനോജിനെയും സുഹൃത്തുക്കൾ ബൈക്കിലിരുത്തിയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശരത്ത് മരിച്ചിരുന്നു. കൈയ്ക്ക് വെട്ടേറ്റ മനോജ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി സംഘത്തിൽ 15 ഓളം പേർ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
പുത്തൻ കരിയിൽ ദേവീക്ഷേത്രത്തിലെ ദേശ താലത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. താലപ്പൊലി നടക്കുന്നതിനിടയിൽ ശരത്തും മറ്റൊരാളുമായി വാക്കേറ്റമുണ്ടായി. ഇതിനെ തുടർന്ന് ഏതാനും പേർ സംഘടിച്ചെത്തി ശരത്തുമായി വീണ്ടും ബഹളമുണ്ടാക്കി. സംഭവത്തിന് ശേഷം ഇവിടെ നിന്നും പിരിഞ്ഞു പോയ സംഘം ആയുധങ്ങളുമായി തിരികെ എത്തി ശരത്തിനെയും ഒപ്പം ഉണ്ടായിരുന്ന മനോജിനെയും ആക്രമിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടു കുമാരപുരം സ്വദേശികളായ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് സംഘമാണ് ആക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ച മുൻപ് അക്രമി സംഘത്തിൽപെട്ടവർ കഞ്ചാവുമായി മണികണ്ഠൻചിറ ഭാഗത്തു വന്നപ്പോൾ ശരത്തും സുഹൃത്തുക്കളുമായി തർക്കമുണ്ടായിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണം.
ശരത്തിനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ ഉന്നം വെച്ചാണ് അക്രമിസംഘം ക്ഷേത്രത്തിൽ എത്തിയെന്നാണ് അറിയുന്നത്. ഈ യുവാവിനെ സംരക്ഷിക്കുന്നത് ശരത്താണെന്ന ധാരണയാണ് അക്രമത്തിന് പിന്നിലെന്നും പറയുന്നു. എന്നാൽ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സ്വകാര്യ ബാങ്കിലെ കലക്ഷൻ ഏജന്റ് ആയി പ്രവർത്തിക്കുന്ന ശരത്ത് അവിവാഹിതനാണ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാരകത്തറ ജങ്ഷനിൽ നിന്നും വിലാപയാത്രയായി സംഘപരിവാർ പ്രവർത്തകർ വീട്ടിലെത്തിച്ചു. രാത്രിയോടെ സംസ്കരിച്ചു. സഹോദരൻ: ശംഭു.
സി.പി.എം പിന്തുണയുള്ള ലഹരി മാഫിയയാണ് ശരത്തിനെ കൊലപ്പെടുത്തിയതെന്ന് ബി.ജെ.പി ദക്ഷിണമേഖല അധ്യക്ഷൻ കെ. സോമൻ ആരോപിച്ചു. ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ചെറുക്കുന്നതിൽ മുന്നിൽ നിന്ന ചെറുപ്പക്കാരനെയാണ് നാടിന് നഷ്ടമായത്. മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ തടഞ്ഞതിലുള്ള മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആസൂത്രിതമായി കൊലപ്പെടുത്തിയത്. മുഖ്യമന്ത്രി സമ്മേളനത്തിനായി ആലപ്പുഴയിൽ മൂന്ന് ദിവസം ജില്ലയിൽ ഉണ്ടായിരുന്നപ്പോഴാണ് കൊലപാതകം നടന്നത് എന്നത് ഗൗരവകരമാണ്. പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം കഞ്ചാവ് മയക്കുമരുന്ന് മാഫിയയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതായും കെ. സോമൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.