അയർകുന്നത്ത് ദമ്പതികൾ മരിച്ചനിലയിൽ; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
text_fieldsകോട്ടയം: അയർകുന്നത്ത് യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ശ്വാസം മുട്ടിച്ച് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അയർകുന്നം അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്‍റു (33) എന്നിവരാണ് മരിച്ചത്. വിദേശത്തായിരുന്ന സുധീഷ് ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്.
അയർകുന്നത്ത് സ്വകാര്യആശുപത്രിയിൽ നഴ്സായിരുന്ന ടിന്‍റുവിനെയും ഏക മകൻ സിദ്ധാർഥിനെയും ഗൾഫിലേക്ക് കൊണ്ടുപോകാൻ എത്തിയതാണെന്നാണ് സുധീഷ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കാൻ തിരുവനന്തപുരത്തിന് പോകുകയാണെന്ന് പറഞ്ഞ് ചൊവ്വാഴ്ച ഇവർ വീട്ടിൽനിന്ന് പോയി. അയമന്നൂരിൽ താമസിക്കുന്ന സഹോദരൻ ഗിരീഷിന്‍റെ വീട്ടിൽ ആറുവയസ്സുള്ള സിദ്ധാർഥിനെ നിർത്തിയശേഷമാണ് ദമ്പതികൾ പോയത്.
പിന്നീട് ഗിരീഷിന്‍റെ വീട്ടിലേക്ക് വിളിച്ച ഇവർ മാതാവിനോട് തിരുവനന്തപുരത്ത് എത്തിയെന്നും മുറിയെടുത്തതായും ഫോണിൽ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ എത്തുമെന്നും പറഞ്ഞിരുന്നു. ഇതിനിടെ ബുധനാഴ്ച ഉച്ചയോടെ ട്വിന്‍റുവിന്‍റെ പിതാവ് ഇരുവരെയും ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സുധീഷിന്‍റെ ചേട്ടനുമായി ബന്ധപ്പെട്ടിരുന്നു.
ഇതോടെ സുധീഷിന്‍റെ മാതാവ് കുഞ്ഞമ്മണി വ്യാഴാഴ്ച രാവിലെ ഇവർ താമസിക്കുന്ന വീട്ടിലെത്തി വിളിച്ചെങ്കിലും കതക് തുറന്നില്ല. എന്നാല്‍, അകത്ത് ലൈറ്റ് തെളിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഇതോടെ അയല്‍വാസികളെത്തി കതക് തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോൾ സുധീഷ് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇവർ വിവരം അറിയിച്ചതനുസരിച്ച് അയർകുന്നം പൊലീസെത്തി പരിശോധിച്ചപ്പോൾ ടിൻറുവിന്‍റെ മൃതദേഹവും കണ്ടെത്തി. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയശേഷം സുധീഷ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് നിഗമനം. ജില്ല പൊലീസ് ചീഫ് ഡി. ശിൽപയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സയൻറിഫിക് വിദഗ്‌ധരും എത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് സുധീഷ് എഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളാണ് മരണകാരണമായി ഇതിൽ പറഞ്ഞിരിക്കുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച വൈകീട്ട് നാലിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മണര്‍കാട് വെള്ളിമഠത്തില്‍ കുടുംബാംഗമാണ് ടിന്‍റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.