വയോധികയെ ശ്വാസംമുട്ടിച്ചുകൊന്ന കേസിൽ മരുമകൾക്ക് ജീവപര്യന്തം കഠിന തടവ്
text_fieldsകാസര്‍കോട്: വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്റെ ഭാര്യയെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പരേതനായ നാരായണന് നായരുടെ ഭാര്യ പുക്കളത്ത് അമ്മാളുവമ്മയെ (68) കൊലപ്പെടുത്തിയ കേസില്‍ കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി. അംബികയെയാണ് (49) കാസര്‍കോട് ജില്ല അഡീഷനല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. 302ാംവകുപ്പുപ്രകാരം ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് 201-ാം വകുപ്പുപ്രകാരം പ്രതിക്ക് അഞ്ചുവര്‍ഷം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകന് കമലാക്ഷന്‍ (57), ചെറുമകന് ശരത് (21) എന്നിവരെ നേരത്തെ കോടതി വിട്ടയച്ചിരുന്നു. കൊലപാതകത്തിനും തെളിവുനശിപ്പിക്കാനും കൂട്ടുനിന്നുവെന്നതിനാണ് ഇവരെ കേസില്‍ കൂട്ടുപ്രതികളാക്കിയിരുന്നത്. ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലാണ് ഇവരെ വിട്ടയച്ചത്. 2014 സെപ്റ്റംബറിലാണ് സംഭവം. വീടിന്റെ ചായ്പില്‍ ഉറങ്ങുകയായിരുന്ന അമ്മാളുവമ്മയെ അംബിക കഴുത്തുഞെരിച്ചും തലയണകൊണ്ട് മുഖത്ത് അമര്‍ത്തിയും നൈലോണ്‍ കയര്‍ കൊണ്ട് കഴുത്തുമുറുക്കിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം ചായ്പില്‍ കെട്ടിത്തൂക്കുകയായിരുന്നു. അമ്മാളുവമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരില്‍ സ്ഥലം വാങ്ങിയിരുന്നു.
ഈ സ്ഥലം തിരിച്ചെഴുതി തരണമെന്ന് അമ്മാളുവമ്മ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ സബ് ഇന്‍സ്പെക്ടര്‍ കെ. ആനന്ദനാണ് പ്രാഥമികാന്വേഷണം നടത്തിയത്. ആദൂര്‍ ഇന്‍സ്പെക്ടറായിരുന്ന എ. സതീഷ്കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഇ. ലോഹിതാക്ഷന് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.