കാനഡ, ആസ്ട്രേലിയ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്;പണം നഷ്ടപ്പെട്ടവരിൽ മലയാളികളും
text_fieldsദുബൈ: കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ തരപ്പെടുത്തിനൽകാമെന്ന് വാഗ്ദാനം നൽകി സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി വ്യാപക തട്ടിപ്പ്. മലയാളികളടക്കം നിരവധി പേർക്ക് ഏജൻസികളുടെ വലയിൽപെട്ട് പണം നഷ്ടമായി. 5000 മുതൽ 7500 ദിർഹം വരെ നഷ്ടപ്പെട്ടവരുണ്ട്. കാനഡയിലേക്കും മറ്റും ചേക്കേറാൻ ആഗ്രഹിക്കുന്നവരുടെ വിശ്വാസ്യത നേടിയെടുത്താണ് ഏജൻസികൾ ഇവരെ കെണിയിൽപെടുത്തുന്നത്. ഇത്തരം ഏജൻസികൾ എല്ലാ സൗകര്യങ്ങളോടുംകൂടിയ ഓഫിസുകളോടെയാണ് പ്രവർത്തിക്കുന്നത്. ആളുകളെ സംസാരിച്ചുവീഴ്ത്താൻ കഴിവുള്ള ജീവനക്കാരെയാണ് നിയമിക്കുന്നത്. വിസക്കായി കരാർ ഉറപ്പിക്കുകയും പണം നൽകുകയും ചെയ്ത ജോലിക്കാരനെ വീണ്ടും അന്വേഷിച്ചാൽ ഈ ഓഫിസുകളിൽ കണ്ടുകൊള്ളണമെന്നുമില്ല. ജോലിക്കാർ അപ്പോഴേക്കും മാറിയിരിക്കും.
വിസ നടപടികൾക്കായി പാസ്പോർട്ട് കോപ്പിയും അനുബന്ധരേഖകളും വാങ്ങുന്നതോടെ ഉടൻ വിസ ലഭിക്കുമെന്ന പ്രതീക്ഷയിൽ അവർ ചോദിക്കുന്ന പണം നൽകുകയും ചെയ്യുന്നു. നൽകിയ പണത്തിന് രസീത് നൽകുകയും ചെയ്യുന്നുണ്ട്. കാനഡ പോലുള്ള രാജ്യങ്ങളിൽ വിസ ലഭിക്കണമെങ്കിൽ മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾ ആവശ്യമാണ്. സാങ്കേതിക കാരണങ്ങളാൽ വിസ നടപടി റദ്ദാക്കി എന്ന മറുപടി മാത്രമാണ് ഏജൻസികൾ അപേക്ഷകർക്ക് നൽകുക. പണം തിരികെ ചോദിച്ചാൽ ഭീഷണിപ്പെടുത്തി അവരെ മടക്കി അയക്കും. ഇങ്ങനെ പണം നൽകി വഞ്ചിക്കപ്പെട്ട മലയാളി യുവാവ് നിയമനടപടിയുമായി മുന്നോട്ടുപോയെങ്കിലും കാര്യമുണ്ടായില്ല. ഗുരുവായൂർ സ്വദേശി ഷൈനി 2019ൽ ഏജൻസിക്ക് 7350 ദിർഹം കാനഡ വിസക്കായി നൽകി. ഇവർ കുവൈത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ നാട്ടിൽനിന്നാണ് അക്കൗണ്ടിലേക്ക് പണം കൈമാറിയത്.
പണം നൽകുന്നതിനുമുമ്പ് ഈ കമ്പനി ദുബൈയിൽ ഉണ്ടോ എന്ന് ബന്ധുവിനെ വിട്ട് ഉറപ്പുവരുത്തിയിരുന്നു. അന്വേഷിച്ചപ്പോൾ വർഷങ്ങളായി അവിടെ പ്രവർത്തിക്കുന്ന കമ്പനിയാണെന്നാണ് മനസ്സിലായി. പണം നൽകിയതിന്റെ രസീതും ഏജൻസി ഇവർക്ക് നൽകി. മാസങ്ങൾ കഴിഞ്ഞ് വിസ ലഭിക്കാതായപ്പോൾ ഏജൻസിയിൽ അന്വേഷിച്ചപ്പോൾ വിസയുമില്ല പണം തിരികെ നൽകിയതുമില്ല. പണം ചോദിച്ചപ്പോൾ തങ്ങളോട് മോശമായി പെരുമാറിയതിനാൽ വിസ ഫയൽ ക്ലോസ് ചെയ്തു എന്നാണ് മറുപടി നൽകിയത്. കോടതി നടപടികൾ സ്വീകരിക്കാൻ വെല്ലുവിളിക്കുകയാണ് ഇവരിപ്പോൾ.
താൻ നൽകിയ പണം തിരികെ ലഭിക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ച് ഷൈനി യു.എ.ഇയിലുണ്ട്. ഏജൻസിയുടെ ഓഫിസിൽ അന്വേഷിച്ചു ചെന്നപ്പോൾ ഭീഷണിപ്പെടുത്തി ഷൈനിയെ തിരിച്ചയക്കുകയാണ് ചെയ്തത്. ദുബൈ കോൺസലേറ്റിൽ പരാതി നൽകിയപ്പോൾ കൺസ്യൂമർ റൈറ്റ്സിൽ പരാതി നൽകാനാണ് നിർദേശിച്ചത്. എന്നാൽ, കൺസ്യൂമർ റൈറ്റ്സിൽ 2021നുശേഷമുള്ള പരാതികളേ സ്വീകരിക്കുകയുള്ളൂ എന്നാണ് അറിയിച്ചത്. ഇങ്ങനെ പണം നഷ്ടപ്പെട്ടവർ ഷൈനിയുടെ അറിവിൽതന്നെ 50 ഓളം പേരുണ്ട്. പലരും പുറത്തുപറയാൻ തയാറാകുന്നില്ല.
ഷൈനി നാട്ടിൽവെച്ചാണ് പണം ഏജൻസിയുടെ അക്കൗണ്ടിലേക്ക് കൈമാറിയത് എന്നതിനാൽ നാട്ടിൽ ഡി.ജി.പി, വിദേശകാര്യ മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. വിദേശ രാജ്യത്ത് നടന്ന തട്ടിപ്പായതിനാൽ പൊലീസ് വിളിച്ച് മൊഴിയെടുത്തു എന്നല്ലാതെ തുടർനടപടികൾ ഉണ്ടായിട്ടില്ല. കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ ഉണ്ടെന്നാണ് കാനഡയിലും ആസ്ട്രേലിയയിലും മറ്റും ജോലി ചെയ്യുന്നവർ പറയുന്നത്. വിദ്യാർഥികളും ഉന്നത യോഗ്യതയുള്ളവരുമായ പലരും ഇത്തരം ഏജൻസികളിലൂടെ വിസ തരപ്പെടുത്തിയിട്ടുണ്ട്. മുമ്പേ കാനഡയിലും മറ്റും കുടിയേറിയവരിൽനിന്ന് അഭിപ്രായങ്ങൾ ചോദിച്ചും അംഗീകൃതവും വിശ്വസ്തരുമായ ഏജൻസികളിൽനിന്ന് മാത്രം വിസക്ക് ശ്രമിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം തട്ടിപ്പിൽപെട്ട് പണം നഷ്ടപ്പെടാതിരിക്കാനുള്ള ഏക മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.