വീട്ടിൽനിന്ന് പിണങ്ങിപ്പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ബൈക്കിൽ കടത്തുന്നതിനിടെ അപകടം; ആറ് പ്രതികൾ അറസ്റ്റിൽ
text_fieldsറാഞ്ചി: വീട്ടിൽനിന്ന് പിണങ്ങിപ്പോയ യുവതിയെ ഭർത്താവിന്റെ കൺമുന്നിൽവെച്ച് ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ക്രൂരകൃത്യത്തിന് ശേഷം യുവതിയെ ബൈക്കിൽ മറ്റൊരു സ്ഥലത്തേക്ക് കടത്തുന്നതിനിടെ അപകടത്തിൽപെടുകയും നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തു. കേസിൽ പ്രതികളായ ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഝാർഖണ്ഡ് പാൽമു ജില്ലയിലെ സാത്ബർവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 22കാരി ഭർതൃവീട്ടിൽ നിന്ന് വഴക്കിട്ട് ലതേഹാർ ജില്ലയിലെ കുടുംബ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കാൽനടയായി പുറപ്പെട്ട യുവതിയെ തിരഞ്ഞ് ഇറങ്ങിയ ഭർത്താവും ബന്ധുവും സാത്ബർവയിൽ വെച്ച് രാത്രി എട്ടോടെ യുവതിയെ കണ്ടെത്തി.
വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ എത്തിയ ആറു പേർ തന്നെയും ബന്ധുവിനെയും അടിച്ചു വീഴ്ത്തുകയും ഭാര്യയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിൽ മൊഴി നൽകി.
ഭർത്താവിനും സുഹൃത്തിനും സാരമായി പരിക്കേറ്റിരുന്നു. അക്രമികളിൽ രണ്ടു പേർ തനിക്ക് പരിചയമുള്ളവരാണെന്നും ഭർത്താവ് പൊലീസിൽ മൊഴി നൽകി. സംഘത്തിലെ രണ്ടു പേർ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോവാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും യുവതിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പ്രതികളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളിൽ ഭോല റാം, ധർമേന്ദ്ര റാം എന്നിവരെ ഞായറാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാല് പേർ തിങ്കളാഴ്ചയാണ് അറസ്റ്റിലായത്. ഗുരുതരാവസ്ഥയിൽ മേദിനിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് സത്ബർവ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഋഷികേശ് കുമാർ റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.