ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും വിഷം കൊടുത്തുകൊന്ന യുവാവ് അറസ്റ്റിൽ
text_fieldsകുണ്ടറ (കൊല്ലം): കേരളപുരത്ത് ഭാര്യയെയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയും വിഷം കൊടുത്ത് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 11നായിരുന്നു സംഭവം. മണ്‍ട്രോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ വൈ. എഡ്വേര്‍ഡിനെയാണ് (40) അറസ്റ്റ് ചെയ്തത്. ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (2), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ഇവരെ വിഷം കുത്തിവെച്ച് കൊന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചാതായി പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ഇയാളും ജീവനൊടുക്കാനായി വിഷം കുത്തിവെച്ചു. ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നിലെ കാരണങ്ങളും കുത്തിവിച്ച വിഷം ഏതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ വ്യക്തമായി അറിയാന്‍ കഴിയൂവെന്ന് കുണ്ടറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സജികുമാർ പറഞ്ഞു. ഇവര്‍ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിച്ചുവരികയായിരുന്നു.
കുണ്ടറ മുക്കട രാജാ മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരനായിരുന്നു എഡ്വേര്‍ഡ്. ആരവിന് കുടലില്‍ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ശസ്ത്രക്രിയക്കുശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വര്‍ഷയും കുട്ടികളും മണ്‍റോതുരുത്തിലെ വര്‍ഷയുടെ കുടുംബവീട്ടിലായിരുന്നു.
സംവത്തിെൻറ രണ്ടുദിവസംമുമ്പ് എഡ്വേര്‍ഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. അടുത്തദിവസം ഭാര്യവീട്ടിലെത്തിയ എഡ്വേര്‍ഡ് വര്‍ഷയെ നിർബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വര്‍ഷ എത്തിയതുമുതല്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നതായി അയല്‍ക്കാര്‍ പറയുന്നു.
സമീപത്തെ രാഷ്്ട്രീയപ്രവര്‍ത്തകനെ വിളിച്ചുവരുത്തി ഇവരുടെ ബന്ധുവിെൻറ ഫോണ്‍നമ്പര്‍ നല്‍കി വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. വൈകീട്ട് 4.30ഓടെ അയല്‍വാസി ഇവര്‍ക്ക് പാൽ വാങ്ങിനല്‍കി. എഡ്വേര്‍ഡ് എത്തി പാലുവാങ്ങി അകത്തേക്കുപോയി.
5.30ഓടെ സ്ഥലത്തെത്തിയ ബന്ധു വിളിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവില്‍ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. അലൈന്‍, ആരവ് എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന വര്‍ഷയെയും എഡ്വേര്‍ഡിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വര്‍ഷ മരിച്ചു. അതേസമയം, ഇവരുടെ മൂത്ത മകൾക്ക് ഇയാൾ വിഷം നൽകിയിട്ടില്ല. തനിക്ക് ഏറെ സ്നേഹമുള്ളതിനാലാണ് വിഷം നൽകാതിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഈ കുട്ടി ഇപ്പോൾ ബന്ധുക്കളോടൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.