ഭക്ഷണം ഉണ്ടാക്കാത്തതിന് യുവാവ് ഭാര്യയെ അടിച്ചുകൊന്നു
text_fieldsന്യൂഡൽഹി: ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വീട്ടിൽ ഭക്ഷണം തയാറാക്കി വെക്കാത്തതിന് 28കാരൻ ഭാര്യയെ അടിച്ചുകൊന്നു. ഔട്ടർ ഡൽഹിയിലെ ഭൽസ്വ ഡയറിയിൽ ബജ്‌രംഗി ഗുപ്തയാണ് ഭാര്യ പ്രീതി (22)യെ വിറകുകൊള്ളികൊണ്ട് അടിച്ചുകൊന്നത്. ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് മടിയിൽ ഇിരിക്കേയാണ് ക്രൂരകൃത്യം അരങ്ങേറിയത്.
ആസാദ്പൂർ മാണ്ഡിയിൽ ചായക്കട നടത്തുകയാണ് ബജ്‌രംഗി ഗുപ്ത. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോൾ ഭാര്യ പ്രീതി ഭക്ഷണം തയ്യാറാക്കി വച്ചിരുന്നില്ല. കോപാകുലനായ ഇയാൾ മരത്തടി കൊണ്ട് തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു. വിളർച്ച രോഗം ബാധിച്ച പ്രീതി ശാരീരികമായി ഏറെ ദുർബലയായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഔട്ടർ-നോർത്ത് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രവി കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. “വിളർച്ച ബാധിച്ച യുവതിയുടെ ഭാരം 40-45 കിലോഗ്രാം മാത്രമായിരുന്നു. കൂടാതെ പ്രസവശേഷം വിശ്രമവും ആവശ്യമായിരുന്നു. ഇടയ്ക്കിടെ പാചകം ചെയ്യാൻ കഴിയുമായിരുന്നില്ല. ഭർത്താവിന്റെ ആക്രമണത്തിൽ ആന്തരികാവയവങ്ങൾ തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്’ -രവി കുമാർ സിങ് പറഞ്ഞു.
ആക്രമണസമയത്ത് മകൾ മടിയിൽ ഉണ്ടായിരുന്നതിനാൽ പ്രീതിക്ക് പ്രതിരോധിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ബന്ധുക്കൾ ഉടൻ ബുരാരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ ഭക്ഷണം പാകം ചെയ്യാത്തതിന്റെ പേരിൽ പലപ്പോഴും ഗുപ്ത മകളെ മർദിക്കാറുണ്ടെന്ന് പ്രീതിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
മൂന്ന് വർഷം മുമ്പാണ് ദമ്പതികൾ വിവാഹിതരായത്. പോസ്റ്റ്‌മോർട്ടത്തിൽ പ്രീതി മർദനമേറ്റ് മരിച്ചതായി സ്ഥിരീകരിച്ചതോടെ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ഗുപ്തയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.