1500 രൂപക്ക് വേണ്ടി തല്ലിക്കെടുത്തിയത് ഒരു ജീവൻ; വിഷ്ണുവിന്റെ സംസ്കാരം നടന്നത് വീട് വെക്കാൻ വാങ്ങിയ സ്ഥലത്ത്
text_fieldsവണ്ടൂർ (മലപ്പുറം): ബൈക്കിെൻറ കാർബറേറ്ററുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ക്രൂരമർദനമേറ്റ് യുവാവ് മരിച്ച കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. പോരൂർ ചാത്തങ്ങോട്ടുപുറം വേലാപറമ്പൻ ശിവപ്രസാദിെൻറ മകൻ വിഷ്ണുവാണ് (23) മരിച്ചത്. പിടിയിലായ ചാരങ്കാവ് കോളനിയിലെ മേലേകളത്തിൽ രൂപേഷ് (24), വിഷ്ണു (22), പന്നിക്കോട് ഷൈജു (27), അക്കരമേൽ രാജേഷ് (27) മഠത്തൊടി സുധീഷ് എന്ന മണി (24), പാലാതൊടി ദേവദാസൻ (24) എന്നിവരെയാണ് പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. വിഷ്ണുവിെൻറ സഹോദരൻ ജിഷ്ണു വർക്ക് ഷോപ്പ് ജീവനക്കാരനാണ്. അവിടെ ജോലി ചെയ്യുകയായിരുന്ന പ്രതി രൂപേഷ് ബൈക്കിെൻറ കാർബറേറ്റർ ജിഷ്ണുവിന് നൽകിയിരുന്നു. ഇതിെൻറ പണം രൂപേഷ് വിഷ്ണുവിെൻറ വീട്ടിലെത്തി അമ്മയിൽ നിന്ന് വാങ്ങി. എന്നാൽ, പണം നേരത്തെ രൂപേഷിന് ജിഷ്ണു നൽകിയിരുന്നു.
ഈ തുക രൂപേഷിനെ കണ്ടപ്പോൾ പിതാവ് ശിവപ്രസാദും വിഷ്ണുവും തിരിച്ചുചോദിച്ചു. ഇതോടെ രൂപേക്ഷ. സുഹൃത്തുക്കളുമായി വന്ന് മർദിക്കുകയായിരുന്നു. കല്ല് കൊണ്ടുള്ള അടിയിൽ വിഷ്ണുവിെൻറ തലക്കും നെഞ്ചിലും പരിക്കേറ്റു. ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. രണ്ട് ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
വിഷ്ണുവിെൻറ മൃതദേഹം സംസ്കരിച്ചത് സ്വന്തമായൊരു വീട് നിർമിക്കാൻ വാങ്ങിയ സ്ഥലത്താണ്. ഇവിടെ ഒരു വീട് എന്ന സ്വപ്നം സഫലമാകാതെയാണ് വിഷ്ണു യാത്രയായത്. 20 വർഷം മുമ്പ് ഇടുക്കി വടക്കേ മലയിൽനിന്ന് ടാപ്പിങ് ജോലിക്ക് ജില്ലയിലെത്തിയതാണ് വിഷ്ണുവിെൻറ മാതാപിതാക്കളായ ശിവപ്രസാദും സിനിയും.
നേരത്തെ എളങ്കൂർ ചാരങ്കാവിലാണ് താമസിച്ചിരുന്നത്. കൂലിയിൽനിന്ന് മിച്ചം പിടിച്ചാണ് ഇവിടെ ആറ് സെൻറ് സ്ഥലം വാങ്ങിയത്. ഇതാണ് കുടുംബത്തിെൻറ ആകെയുള്ള സമ്പാദ്യം. അച്ഛനും അമ്മക്കുമൊപ്പം വിഷ്ണുവും ടാപ്പിങ്ങിന് പോയിരുന്നു.
സാമ്പത്തികപ്രയാസം അനുഭവിച്ചിരുന്ന കുടുംബം രണ്ടുവർഷം മുമ്പാണ് ചാത്തങ്ങോട്ടുപുറം താലപ്പൊലി പറമ്പിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ചാരങ്കാവിൽ താമസിക്കുമ്പോൾ അടുത്ത പരിചയമുണ്ടായിരുന്നവരാണ് വിഷ്ണുവിനെ മർദിച്ച സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.