മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു
text_fieldsകൊച്ചി: മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‍റെ സെക്രട്ടറിയായിരുന്ന റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 74 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ച 12.30ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 2014ൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ പ്രഫ. കെ.വി. തോമസിനെതിരെ എൽ.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥിയായിരുന്നു ഡോ. ക്രിസ്റ്റി.
1949 ജൂൺ 26ന് ലിയോൺ ഫെർണാണ്ടസ്-വിക്ടോറിയ ദമ്പതികളുടെ മകനായി കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പനയിലാണ് ജനനം. ഏറെക്കാലമായി എറണാകുളം കലൂരിലായിരുന്നു താമസം. എറണാകുളം ലിസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ കലൂർ പൊറ്റക്കുഴി പുതിയ റോഡിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് ക്ലാപ്പനയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ക്ലാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചാച്ചിമ്മ. മക്കൾ: ലയോണ (ആമി), ജോസഫ്. മരുമക്കൾ: നിഷാദ്, ലിലിയ.
1973 ബാച്ച് ഗുജറാത്ത് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ നഗരവികസന വകുപ്പ് സെക്രട്ടറിയായും ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഗുജറാത്ത് ഫിഷറീസ് ഡെവലപ്മെന്‍റ് കമീഷണർ, പെട്രോളിയം മന്ത്രാലയം ജോയന്‍റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തിൽ സ്പെഷൽ സെക്രട്ടറി, കെ.എസ്.ഐ.ഡി.സി, കയർ ബോർഡ് എന്നിവയുടെ ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിൽ നിയോഗിച്ച കമീഷനിൽ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.