മലപ്പുറം സ്വദേശിയായ മുൻ ഒ.ഐ.സി.സി സജീവ പ്രവർത്തകൻ നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു
text_fieldsജിദ്ദ: മലപ്പുറം ജില്ലക്കാരനും ജിദ്ദയിൽ സജീവ ഒ.ഐ.സി.സി പ്രവർത്തകനുമായിരുന്നയാൾ നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു. കാളികാവ് പുറ്റമണ്ണ സ്വദേശി ഷിബു കൂരി(43) യാണ് മരിച്ചത്.
തിങ്കളാഴ്ച്ച രാത്രി 7:30ഓടെ വാണിയമ്പലത്തിനടുത്ത് വെള്ളാംബ്രം എന്ന സ്ഥലത്ത് വെച്ചാണ് ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിൻ തട്ടി അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിക്കുകയായിരുന്നു. നേരത്തേ ജിദ്ദ കാർ ഹറാജിലും ശേഷം ജിദ്ദക്കടുത്ത് റാബഖിലുള്ള കിങ് അബ്ദുള്ള എക്കൊണോമിക് സിറ്റിയിൽ ഐ.ടി വിഭാഗത്തിലും ജോലിചെയ്തിരുന്നു.
പിന്നീട് ജോലി ഒഴിവാക്കി നാട്ടിൽ പോയി പുതിയ വിസയിൽ ജിദ്ദയിൽ തിരിച്ചെത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് വീണ്ടും നാട്ടിലേക്ക് മടങ്ങിയത്. ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൻ റീജിയനൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം, ഹറാജ് ഏരിയ പ്രസിഡന്റ്, കാളികാവ് പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നാട്ടിൽ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. പിതാവ്: വീരാൻ കുട്ടി കൂരി, മാതാവ്: സുബൈദ, ഭാര്യ: നജ്‍ല, മക്കൾ: അസ്ഹർ അലി, അർഹാൻ. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടം കഴിഞ്ഞതിന് ശേഷം മൃതദേഹം ചൊവ്വാഴ്ച കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഷിബു കൂരിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജനൽ കമ്മിറ്റി, കോൺഗ്രസ് കാളികാവ് മണ്ഡലം കമ്മിറ്റി എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.