കോവിഡ് ബാധിച്ച് നാലുവയസ്സുകാരി മരിച്ചു
text_fieldsകട്ടപ്പന (ഇടുക്കി): പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പിഞ്ചുകുഞ്ഞിെൻറ മൃതദേഹം സംസ്കരിക്കാൻ ഒരുക്കം നടത്തുന്നതിനിടെ കോവിഡ് സ്ഥിരീകരിച്ച റിപ്പോർട്ട് വന്നത് ആശങ്ക പടർത്തി. കൊച്ചുതോവാള നിരപ്പേൽക്കട ചെറ്റയിൽ ബിനോയിയുടെ മകൾ ജോബിനയാണ് (നാല് വയസ്സ്) പനി ബാധിച്ച് ചികിത്സക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
തിങ്കളാഴ്ച രാവിലെ മൃതദേഹം കൊച്ചുതോവളയിലെ വീട്ടിൽ എത്തിച്ച് സംസ്‌കാര ചടങ്ങുകൾക്കുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചത്. പനി ബാധിച്ച ജോബിനയെ ആദ്യം ഇടുക്കി മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി വഷളായതോടെ കഴിഞ്ഞ 12ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ ചികിത്സ തുടർന്നെങ്കിലും രോഗത്തിനു കാര്യമായ ശമനം ഉണ്ടായില്ല. ഇതേതുടർന്ന് കഴിഞ്ഞ ഞായറാഴ്ച കോവിഡ് പരിശോധനക്ക് സ്രവം എടുത്തു.
28ന് പുലർച്ചയാണ് കുട്ടി മരിച്ചത്. തുടർന്ന് മൃതദേഹം വീട്ടിൽ എത്തിച്ച് ഏതാനും സമയം കഴിഞ്ഞപ്പോഴാണ് പരിശോധനഫലം പോസിറ്റിവ് ആണെന്ന് ആരോഗ്യവകുപ്പിൽനിന്ന് അറിയിപ്പ് ലഭിച്ചത്. പിന്നാലെ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി ആളുകൾക്ക് കർശന നിർദേശങ്ങൾ നൽകി. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചകഴിഞ്ഞ് സംസ്‌കാരം നടത്തി. ജോമോളാണ് മാതാവ്. സഹോദരി: ജോബിറ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.