ഇടുക്കി ജില്ലയിലെ ആദ്യ നൈപുണി വികസന കേന്ദ്രം തൊടുപുഴയിൽ
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ ജില്ലയിലെ ആദ്യ നൈപുണി വികസന കേന്ദ്രം തൊടുപുഴ ജി.വി.എച്ച്.എസ്.എസിൽ യാഥാർഥ്യമാകുന്നു. വിദ്യാലയങ്ങളില്‍നിന്ന് കൊഴിഞ്ഞുപോയവര്, തുടര്‍പഠനം നഷ്ടപ്പെട്ടവര്‍, ഹയർ സെക്കൻഡറി -വി.എച്ച്.എസ്.ഇ പഠിക്കുന്നവർക്കുമാണ് പരിശീലനം നൽകുന്നത്. 15 മുതൽ 23 വയസ്സ് വരെയുള്ളവർക്കാണ് അവസരം. 25 കുട്ടികൾ വീതമുള്ള രണ്ട് ബാച്ച് ഉണ്ടായിരിക്കും. സ്കൂള്‍ അവധി ദിവസങ്ങളില്‍ പരിശീലനം നല്കി സ്ഥിരവരുമാനത്തിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി വിദ്യാലയങ്ങളില്‍ അനുയോജ്യമായ രണ്ടുവീതം കോഴ്സുകൾ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്.
ഉന്നത വിദ്യാഭ്യാസവും പ്രഫഷനല്‍ കോഴ്സും പൂര്‍ത്തിയാക്കിയ ഭൂരിപക്ഷം പേർക്കും അനുയോജ്യമായ തൊഴില്‍ നേടാനാകാത്ത സാഹചര്യമുണ്ട്. വ്യവസായ മേഖല പ്രതീക്ഷിക്കുന്ന നൈപുണികള്‍ കൈവരിക്കാനാകാത്തതും വെല്ലുവിളി സൃഷ്ടിക്കുന്നു. തൊഴില്‍ പ്രാവീണ്യം നേടുന്നതിനൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും നല്കുന്ന സെന്ററുകൾ യുവതലമുറക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെയും വിദ്യാർഥികളുടെയും അപേക്ഷ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സൗജന്യ പരിശീലനമായിരിക്കും നൽകുന്നത്. ജില്ലയിലെ പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് തൊടുപുഴയിൽ ആരംഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഭാവിയിൽ മറ്റ് സ്കൂളുകളിലേക്ക് സെന്റർ വ്യാപിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.