623 ദിവസമായി അയാൾ കവിതയെഴുതുകയാണ് ...
text_fieldsതൊടുപുഴ: കഴിഞ്ഞ 623 ദിവസമായി ഓരോ പുലരിയിലും രവി കുമാറിനൊപ്പം ഓരോ കവിത കൂടി ഉണരുന്നു. ആ വരികൾ തന്റെ പ്രിയപ്പെട്ടവരിലേക്ക് അയച്ചു നൽകുന്നതോടെയാണ് രവികുമാറിന്റെ ഒരു ദിനം ആരംഭിക്കുന്നത്. എഴുതി തുടങ്ങിയ അന്നുമുതൽ ഇന്നു വരെ ഒരു ദിവസം പോലും കട്ടപ്പന വെള്ളയാംകുടി പുത്തൻവീട്ടിൽ രവികുമാർ കവിത മുടക്കിയിട്ടില്ല. ദിവസവും രാവിലെ മൊബൈൽ ഫോണിലേക്ക് ‘ഗുഡ് മോർണിങ് ’ , ‘ഹാവ് എ നൈസ് ഡേ’ മെസേജുകൾ കണ്ട് ബോറടിച്ച സാഹചര്യത്തിലാണ് തന്റെ സുഹൃത്തുക്കൾക്കടക്കം വ്യത്യസ്തമായതെന്തെങ്കിലും അയച്ചു നൽകാൻ ഇദ്ദേഹം തീരുമാനിക്കുന്നത്.
കവിത ഏറെ ഇഷ്ടപ്പെടുന്നതിനാൽ ഒരു ചിങ്ങം ഒന്നിന് പുലർച്ച കവിത എഴുത്ത് തുടങ്ങി. നാലു മുതൽ 12 വരികൾ വരെയുള്ള കവിതകളാണ് എഴുതുന്നത്. എന്നും പുലർച്ച നാലിന് ഉണരുന്ന രവികുമാറിന് കവിതയെഴുത്ത് ഇപ്പോൾ ജീവിതചര്യയായി മാറിയിരിക്കുകയാണ്. മനസ്സിൽ അന്നേരം തോന്നുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള എഴുത്താണ് രീതി.
രണ്ട് വർഷത്തോളമടുക്കുന്ന ഈ എഴുത്തിന് ഒരിക്കൽ പോലും തടസ്സമുണ്ടായിട്ടില്ലെന്നും രവികുമാർ പറയുന്നു. ഞായറാഴ്ച എഴുതിയ കവിതയാകട്ടെ അരിക്കൊമ്പനെക്കുറിച്ചായിരുന്നു. കുടിയൊഴിപ്പിക്കൽ എന്നായിരുന്നു കവിതയുടെ പേര്.
‘സന്ധ്യ മയങ്ങും നേരത്ത് രാജ വീഥിയിലൂടൊരു കാടു(നാടു)മാറ്റം അഞ്ചാറു ബാണങ്ങളെൻമേനിയിൽ, നെഞ്ചകം പൊള്ളുന്ന നീറ്റലായി നാടും സതീർഥ്യരും നാട്ടുകാരും , പിന്നെ പിച്ച നടന്ന പുൽമേടുകളും ഒക്കെയും മറവിയിലാക്കിയിട്ടവരന്റെ നടനാലിലും ദാമതളകൾ തീർത്തു യാത്രയാവുന്നു ഞാനിപ്പോൾ എൻറെ ഓർമകളെല്ലാം പെറുക്കി.
എന്നിങ്ങനെയായിരുന്നു വരികൾ. മൊബൈലിൽ എഴുതിയ കവിത രാവിലെ തന്നെ തന്റെ പ്രിയപ്പെട്ടവർക്കെല്ലാം അയച്ചു കൊടുക്കും. ആദ്യമൊക്കൊ പേര് വെക്കാതെയാണ് എഴുതിയിരുന്നതെങ്കിലും പിന്നീട് രവികുമാർ കട്ടപ്പന എന്ന പേരിൽ എഴുതാൻ തുടങ്ങി. തന്റെ കവിതകളുടെ ഒരു പുസ്തകം പുറത്തിറക്കാനുള്ള ആലോചനയും ഇദ്ദേഹത്തിനുണ്ട്.
ദേശീയ നിലവാരത്തിലുള്ള ഒരു മികച്ച അത്ലറ്റ് കൂടിയാണ് രവികുമാർ. തന്റെ ഔദ്യോഗിക ജീവിത കാലത്ത് സിവിൽ സർവിസ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംബ്, ലോങ് ജംപ്, ഓട്ടം, നീന്തൽ എന്നിവയിലായി നിരവധി സ്വർണം അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ കായികതാരമായിരുന്നു . ട്രിപ്പിൾ ജംപിൽ തുടർച്ചയായി ഏഴു വർഷം ചാമ്പ്യനായിരുന്നു. ഉടുമ്പൻചോല ബൈസൺവാലി സ്വദേശിയാണ്. കട്ടപ്പന മുനിസിഫ് കോടതിയില്‍നിന്നും എട്ട് വര്‍ഷം മുമ്പാണ് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചത്. കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റിട്ട. അധ്യാപക ഇ. കെ. സരളമ്മയാണ് ഭാര്യ. കാനഡയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായ അരവിന്ദ് രവികുമാർ , കട്ടപ്പന കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അശ്വതി രവികുമാർ എന്നിവരാണ് മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.