മെഡിക്കൽ കോളജിലടക്കം പേ വിഷബാധക്ക് മരുന്ന് ലഭിച്ചില്ല; തെരുവുനായ കടിച്ച് ചികിത്സയിലായിരുന്ന പാസ്റ്റര്‍ മരിച്ചു
text_fieldsഅടിമാലി (ഇടുക്കി): തെരുവുനായ കടിച്ച് ചികിത്സയിലായിരുന്ന പാസ്റ്റര്‍ മരിച്ചു. മാങ്കുളം പാമ്പുങ്കയം അമ്പലത്തുങ്കല്‍ എന്‍.എസ്. ദാസ് പാസ്റ്റര്‍ (74) ആണ് മരിച്ചത്. മാര്‍ച്ച് 25ന് രാവിലെ ആറിന് പാമ്പുങ്കയം സിറ്റിയില്‍ വെച്ചാണ് തെരുവുനായ കടിച്ചത്. രാവിലെ പ്രഭാത സവാരിക്കിടെയാണ് സംഭവം. തെരുവ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സക്ക് ശേഷം നായ കടിച്ചാല്‍ എടുക്കുന്ന ഇന്‍ഞ്ചക്ഷന്‍ ഇവിടെ ഇല്ലാത്തതിനാല്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തി. ഇവിടെയും മരുന്ന് ലഭിച്ചില്ല. പിന്നീട് പെരുമ്പാവൂരുള്ള മകന്‍റെ അടുത്ത് എത്തി. വെള്ളിയാഴ്ച ഇവിടനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തി പേ വിഷ ബാധക്കെതിരെയുള്ള ഇന്‍ഞ്ചഷന്‍ എടുത്ത് പെരുമ്പാവൂരിലെ മകന്‍റെ വീട്ടില്‍ തന്നെ തിരിച്ചെത്തി.
വൈകീട്ട് വയറിന് വേദന തുടങ്ങി. ഉടന്‍ പെരുമ്പാവൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സക്കിടെ ദുഃഖ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ മരിക്കുകയായിരുന്നു. ഇവിടെ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. ഇതോടെ കളമശ്ശേരിയില്‍ സംസ്‌കരിക്കുകയും ചെയ്തു.
താളുംകണ്ടം, സൂര്യനെല്ലി, മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: സീത ദാസ്. മക്കള്‍: ആനന്ദ്, പ്രേം. മരുമക്കള്‍: റെജി, ജിഷ. കഴിഞ്ഞമാസം ഈ പ്രദേശത്ത് കാരിയായ വീട്ടമ്മയെ തെരുവ് നായ കടിച്ചിരുന്നു. ഈ സംഭവത്തിലും പേ വിഷത്തിനെതിരെയുളള വാക്‌സിനേഷന്‍ ലഭിച്ചിരുന്നില്ല. ഇത് പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.