ആംബുലൻസ് കിട്ടാതെ ചികിത്സ വൈകിെയന്ന് ബന്ധുക്കൾ: കോവിഡ് രോഗിയായ വയോധിക മരിച്ചു
text_fieldsഅടിമാലി: ആംബുലൻസ് യഥാസമയം കിട്ടാതെ ചികിത്സ വൈകിയതിനെത്തുടർന്ന് കോവിഡ് രോഗിയായ വയോധിക മരിച്ചതായി ബന്ധുക്കൾ. അടിമാലി കമ്പിളിക്കണ്ടം ചമ്പക്കര ലൂക്കോസിെൻറ ഭാര്യ അന്നക്കുട്ടിയാണ് (76) മരിച്ചത്.
വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന അന്നക്കുട്ടിയെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ചയാണ് വീട്ടുകാർ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടിമാലിയിൽ കോവിഡ് ചികിത്സ ലഭിക്കുന്ന ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കൾ 108 ആംബുലൻസിെൻറ സഹായം തേടി. ഫോൺ എടുത്ത ആൾ ജില്ല അന്വേഷിക്കുകയും 04862233111 നമ്പറിൽ വിളിക്കാനറിയിക്കുകയും ചെയ്തു. അവിടെ വിളിച്ചപ്പോൾ 04862232220 നമ്പറിൽ വിളിക്കാൻ പറഞ്ഞതനുസരിച്ച് ഒന്നര മണിക്കൂറോളം തുടർച്ചയായി ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ബന്ധുക്കൾ ഡി.എം.ഒയെ വിവരം അറിയിച്ചു. കൺട്രോൾ റൂമിൽ വിളിക്കാനായിരുന്നു നിർദേശം. ആശുപത്രി പി.ആർ.ഒ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് രോഗിയുടെ ബന്ധുവിെൻറ ഫോൺ നമ്പർ കൊടുത്തെങ്കിലും തിരിച്ചുവിളിക്കുക പോലും ചെയ്തില്ലെന്നാണ് പരാതി.
ആംബുലൻസ് ലഭിക്കാത്തതിനാൽ രണ്ട് മണിക്കൂറോളം വൈകിയാണ് അന്നക്കുട്ടിയെ അടിമാലിയിലും തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. ചികിത്സ വൈകിയ ഇവർ ചൊവ്വാഴ്ച പുലർച്ചയോടെ മരിച്ചു. തക്കസമയത്ത് ആംബുലൻസ് സേവനം ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. അന്നക്കുട്ടിയുടെ മക്കൾ: ജാൻസി, ജിമ്മി, ജിപ്സി. മരുമക്കൾ: ബേബിച്ചൻ, ഷാനി, ടൈറ്റസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.