ട്രെയിനും കപ്പലും സ്കൂൾ ചുവരിൽ; കൗതുകം പൂണ്ട് ഇടമലക്കുടി
text_fieldsതൊടുപുഴ: ട്രെയിനും കടലും കപ്പലും അംബരചുംബികളായ കെട്ടിടങ്ങളുമൊന്നും നേരിട്ട് കണ്ടിട്ടില്ലെങ്കിലും സ്കൂളിെൻറ ചുവരുകളിൽ ഇവയുെട ഭംഗികണ്ട് ആസ്വദിക്കുകയാണ് ഇടമലക്കുടിയിലെ ഭൂരിഭാഗം കുട്ടികളുമിപ്പോൾ. ബാലകൃഷ്ണൻ മാസ്റ്ററുടെ വിരൽത്തുമ്പുകൾ കുടിയിലെ ഗവ. ട്രൈബൽ എൽ.പി സ്കൂളിെൻറ ചുവരുകൾ വർണാഭമാക്കിയതോടെ കുട്ടികൾക്ക് മാത്രമല്ല കുടിയിലുള്ളവർക്കും കൗതുകക്കാഴ്ചയാണ്.
പുതിയ അധ്യയനവർഷത്തിൽ അധ്യയനം സാധാരണ രീതിയിൽ ആക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. രതീഷ് ചങ്ങാലിമറ്റത്തിെൻറ നേതൃത്വത്തിൽ എം.പിയുടെ ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിെൻറ സഹായത്തോടെ ചിത്രകാരനും അധ്യാപകനുമായ ബാലകൃഷ്ണൻ കതിരൂരിെൻറ നേതൃത്വത്തിൽ അധ്യാപകരായ പ്രദീപ്കുമാർ, പ്രമോദ് എന്നിവരുടെ സഹായത്തോടെയാണ് വിദ്യാലയത്തിെൻറ മുഖച്ഛായ തന്നെ മാറ്റിയത്.
മൂന്നുദിവസത്തെ പരിശ്രമമേ ഇതിനുവേണ്ടിവന്നുള്ളൂ. അവസാന ദിവസം കുട്ടികൾക്കായി ചിത്രകലാ പരിശീലനവും നടന്നു. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ഇപ്പോൾ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നത് കോവിഡ് മുക്തമായ കേരളത്തിലെ ഏകപ്രദേശം എന്നനിലയിൽ മാത്രവുമല്ല സാധാരണ രീതിയിൽ ക്ലാസുകൾ ആരംഭിച്ച കേരളത്തിലെ ഏക വിദ്യാലയവും എന്ന പെരുമയോടെയാണ്.
ആദിവാസി മുതുവാൻ വിഭാഗക്കാരായ വിദ്യാർഥികൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തുന്നത്. പുതിയ അധ്യയനവർഷത്തിൽ 17 വിദ്യാർഥികൾ ഒന്നാംക്ലാസിൽ പ്രവേശനം നേടി. മൊത്തം 116 വിദ്യാർഥികൾ പഠനം നടത്തുന്നു.
വിദ്യാലയം ആകർഷകമാക്കിയ കലാകാരന്മാരെ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വേണ്ടത്ര സൗകര്യങ്ങളുള്ള പുതിയ സ്കൂൾ ബിൽഡിങ് കൊച്ചിൻ ഷിപ്യാർഡ് തങ്ങളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമിക്കാനുള്ള നടപടി ആരംഭിച്ച് വരികയാണെന്ന് ഡീൻ കുര്യാേക്കാസ് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.