കനത്ത മഴയിൽ നാലുമരണം; അതിജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി, ശബരിമലയിൽ സ്പോട്ട് ബുക്കിങ് നിർത്തി
text_fieldsതിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടു കുട്ടികളടക്കം നാലു മരണം. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് ഒാരോ മരണങ്ങളുണ്ടായത്.
തിരുവനന്തപുരം കാട്ടാക്കടയിൽ ഒഴുക്കിൽപെട്ട് പശുവണ്ണറ കീഴെ കണ്ണക്കോട് വീട്ടിൽ ലളിതഭായ് (75), എറണാകുളത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ തിരുവനന്തപുരം ഉദിയൻകുളങ്ങര പനവിള വീട്ടിൽ തങ്കരാജൻ (72), കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് പി. സാജിദിെൻറ മകന് നസല് (5), തൃശൂർ ഇരിങ്ങാലക്കുട വേളൂക്കര പട്ടേപ്പാടത്ത് തോട്ടിൽ വീണ് അലങ്കാരത്തുപറമ്പിൽ ബെൻസിൽ-ബെൻസി ദമ്പതികളുടെ ഏകമകൻ ആരോം ഹെവൻ (മൂന്ന്) എന്നിവരാണ് മരിച്ചത്.
അതിജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
അടുത്ത മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ അതിജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. തിങ്കളാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും.
സംസ്ഥാനത്താകെ 66 ദുരിതാശ്വാസ ക്യാമ്പുകളിലായി 589 കുടുംബങ്ങളിലെ 1974 പേരെ മാറ്റിപ്പാർപ്പിച്ചു. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. പത്തനംതിട്ട ജില്ലയിൽ അടൂർ ഏനാദിമംഗലത്തും കൊടുമൺ എസ്റ്റേറ്റിലും ഉരുൾപൊട്ടി.
ഇടുക്കി അണക്കെട്ട് തുറന്നു
ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിെൻറ അഞ്ച് ഷട്ടറുകളിൽ മൂന്നാം നമ്പർ ഷട്ടർ ഞായറാഴ്ച ഉച്ചക്ക് 2.03ന് വീണ്ടും ഉയർത്തി. 40 സെ.മീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 40 ഘനമീറ്റർ (40,000 ലിറ്റർ) ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു.
ജീപ്പും കാറും പുഴയിൽ വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
പത്തംതിട്ടയിൽ കക്കി ഡാം തുറന്നതോടെ അച്ചൻകോവിലാർ കരകവിഞ്ഞ് ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കിൽ നിരവധി വീടുകളിൽ വെള്ളംകയറി. കളമശ്ശേരിയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് കാർ സർവിസ് സെൻററിലെ ജീപ്പും കാറും പുഴയിൽ വീണു. മണ്ണിടിച്ചിലും ട്രാക്കിലെ വെള്ളക്കെട്ടും മൂലം തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലെ ട്രെയിൻ ഗതാഗതം രണ്ടാംദിവസവും തടസ്സപ്പെട്ടു. തൃശൂരിലും കനത്ത മഴയാണ്. ശനിയാഴ്ച തെക്കൻ ജില്ലകളിലായിരുന്നു മഴ കനത്തതെങ്കിലും ഞായറാഴ്ചയോടെ മധ്യകേരളത്തിലേക്കും വ്യാപിച്ചു.
വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി
- ആലപ്പുഴ, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച അവധി.
- കോട്ടയം, തൃശൂർ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ തിങ്കളാഴ്ച അവധിയാണ്.
- എറണാകുളം ജില്ലയിൽ പ്രഫഷനൽ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസ് മാത്രം. സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.
- ഇടുക്കിയിൽ പ്രഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെ തിങ്കളാഴ്ച അവധി.
പരീക്ഷകൾ മാറ്റി
എം.ജി, കേരള, ആരോഗ്യ സർവകലാശാല, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല എന്നിവർ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.
ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണംശബരിമലയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ഭക്തർക്ക് നിയന്ത്രണം.സ്പോട്ട് ബുക്കിങ് നിർത്തും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകും. പമ്പാസ്നാനം അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.