Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightബിസിനസ് സംരംഭകൻ...

ബിസിനസ് സംരംഭകൻ വി.എന്‍.കെ. അഹമ്മദ് നിര്യാതനായി

text_fields
bookmark_border
ബിസിനസ് സംരംഭകൻ വി.എന്‍.കെ. അഹമ്മദ് നിര്യാതനായി
cancel

പാനൂർ (കണ്ണൂർ): പ്രമുഖ ബിസിനസ് സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കടവത്തൂരിലെ വി.എന്‍.കെ അഹമ്മദ് (93) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച വൈകീട്ട്​ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന്​ കടവത്തൂർ എരഞ്ഞീൻകീഴിൽ ജുമാ മസ്ജിദിൽ.

യു.എ.ഇയിലെ അൽമദീന സൂപ്പർ മാർക്കറ്റ്, പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ പാണ്ട ഫുഡ്സ്, ജൂബിലി റസ്റ്റാറന്‍റ്​, ഹോട്ടൽ ഗ്രെയ്റ്റ് ജൂബിലി- സുൽത്താൻ ബത്തേരി എന്നിവയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ് വി.എന്‍.കെ അഹമ്മദ്.

നാറോളിൽ അബ്ദുല്ലയുടെയും ഫാത്വിമയുടെയും മകനായി 1928 ല്‍ ജനിച്ച ഇദ്ദേഹം കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പണ്ഡിതരും നേതാക്കളും അടങ്ങുന്ന കുടുംബത്തിലെ അംഗമാണ്. കടവത്തൂർ വെസ്റ്റ്, തിരുവാൽ യു.പി സ്കൂളുകൾ, മാഹി എം.എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി. 1944ൽ കൊച്ചിയിലെ ബ്രിട്ടീഷ് നേവിയിൽ ഉദ്യോഗസ്ഥനായി. 1946ൽ അവിഭക്ത ഇന്ത്യയിലെ കറാച്ചിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.

ബ്രിട്ടീഷ് നേവിയിൽനിന്ന് രാജിവെച്ച്, കറാച്ചിയിൽ പ്രസിദ്ധമായ മലബാർ ടി കമ്പനി ആരംഭിച്ചു. 1977ൽ യു.എ.ഇയിലെത്തി, ദുബൈ ദേരയിൽ ആദ്യത്തെ അൽ മദീന സൂപ്പർ മാർക്കറ്റ് സ്ഥാപിച്ചു. 1996ൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ജൂബിലി കോംപ്ലക്സ്, ജൂബിലി ജൂബിലി റസ്റ്റാറന്‍റ് എന്നിവ ആരംഭിച്ചു.

1989ൽ പാണ്ട ഫുഡ്സിന് തുടക്കം കുറിച്ചു. ഷാൻ ഗാർമെൻ്റ്സ് തലശ്ശേരി, സൽവ ഫുഡ്സ് ബാംഗ്ലൂർ, കസ്തൂരി ഭവൻ റസ്റ്റാറൻ്റ്, എലൈറ്റ് ബേക്കറി കോയമ്പത്തൂർ എന്നിവയുടെ സ്ഥാപകനാണ്. വയനാട് കൃഷ്ണഗിരിയിലെ ബുൾബുൾ പ്ലാൻ്റേഷനാണ് മറ്റൊരു സംരംഭം. മർജാൻ ബേക്കറി ഒമാൻ, ഒഗസ്റ്റോ ബേക്കറി ബത്തേരി, സാരസി ടെക്റ്റയിൽസ് തലശ്ശേരി, ക്രസൻ്റ് കൊയിലാണ്ടി, കോയാസ് റഫ്രിജറേറ്റർ, ഗ്രേറ്റ് എംപോറിയം ഷാർജ തുടങ്ങിയവയിൽ പാർട്ണറാണ്.

ഏറെക്കാലമായി പരിസ്ഥിതി പ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം മുന്‍ കര്‍ണാടക മന്ത്രി ലളിതാ നായിക് അടക്കമുള്ളവരെ ഉള്‍പ്പെടുത്തി നാച്വറല്‍ കണ്‍സര്‍വേഷന്‍ മൂവ്‌മെന്‍റ്​ രൂപവത്​കരിച്ചു. റോഡരികിൽ നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ച വി.എൻ.കെ അഹമദ്, വനവൽക്കരണ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ നടത്തി. നിരവധി അഭിമുഖങ്ങളും ഫീച്ചറുകളും ഇതുസംബന്ധിച്ച്​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

എൻ.എ.എം കോളജ് കല്ലിക്കണ്ടി, റിലീജ്യസ് എജ്യുക്കേഷൻ ട്രസ്റ്റ് കുറ്റ്യാടി, ഐഡിയൽ വെൽഫെയർ ട്രസ്റ്റ് കടവത്തൂർ, നുസ്റത്തുൽ ഇസ്​ലാം സംഘം കടവത്തൂർ, മസ്ജിദുർറഹമ പാനൂർ, ദാറുന്നുജൂം യതീംഖാന പേരാമ്പ്ര, പാണ്ട ഫുഡ്സ് സോഷ്യൽ വെൽഫെയർ ട്രസ്റ്റ് വയനാട്, ഹെറിറ്റേജ് ആയുർവേദിക് ട്രസ്റ്റ് പാറാട്ട് തുടങ്ങിയവയിൽ അംഗമാണ്. നീണ്ട ഇരുപത് വർഷം കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് ആയിരുന്നു.

ചേന്ദമംഗല്ലുർ ഇസ്​ലാഹിയ കോളജ് ഉൾപ്പെടെ കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സേവന സംരംഭങ്ങൾക്കും വലിയ പിന്തുണ നൽകി. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയും വിപുലമായ സുഹൃദ് ബന്ധങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്തു. ബഹുഭാഷാ പരിജ്ഞാനവുമുണ്ട്.

ഭാര്യ പി.കെ ഖദീജ എലാങ്കോട്. മക്കൾ: സുഹ്റ, ഹാറൂൻ, ലുഖ്മാൻ, ആഇശ, ഇംറാൻ, സൽമാൻ, ഖൽദൂൻ. മരുമക്കൾ: സി.എച്ച് അബൂബക്കർ തെണ്ടപ്പറമ്പ, എസ്.വി.പി. ലുഖ്മാൻ പഴയങ്ങാടി, കെ.കെ. റഹീമ കടവത്തുർ, എ.കെ. സബീല കുറ്റ്യാടി, ഒ. സൈബുന്നീസ കൈവേലിക്കൽ, വി.കെ. ശാനിബ എലാങ്കോട്, വി.കെ. ശാബിന എലാങ്കോട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VNK Ahmedpanda foodsal madeena supermarket
News Summary - Business Entrepreneur VNK Ahmed passed away
Next Story