കേളകം വാളുമുക്ക് ആദിവാസി കോളനിയിൽ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പിട്ടു; നെഞ്ചകം തകർന്ന് കോളനി നിവാസികൾ
text_fieldsകേളകം (കണ്ണൂർ): വാളുമുക്ക് കോളനിയിലെ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇട്ടു. നെഞ്ചകം തകർന്ന് കണ്ണീരൊഴുക്കി കോളനി നിവാസികൾ. അടയ്ക്കാത്തോട് വാളുമുക്ക് കോളനിയിലാണ് സംഭവം. വാളുമുക്കിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ അടുക്കള ഭാഗത്ത് മൂന്ന് ബന്ധുക്കളെ അടക്കിയ കുഴിമാടങ്ങളാണ് കുടിവെള്ള പദ്ധതിക്കായി തുരന്ന് പൈപ്പ് ഇട്ടത്.
കോളനിയിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ അടുക്കള ഭാഗത്താണ് അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ അടക്കിയ കുഴിമാടങ്ങൾ. ഈ കുഴിമാടങ്ങൾ തുരന്നാണ് അംഗൻവാടിയിലേക്ക് കോളനി നിവാസികളുടെ എതിർപ്പ് മറികടന്ന് ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിട്ടത്.ശോഭന വീട്ടിൽ ഇല്ലാത്ത സമയത്താണ് പൈപ്പ് ഇട്ടത്.
ശോഭന വീട്ടിൽ മടങ്ങി വന്ന സമയത്താണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾ കിളച്ച് മറിച്ച് നിലയിൽ കണ്ടെത്തിയത്. ആറടി മണ്ണിനും ഗതിയില്ലാതെ അടുക്കളയിലും വീട്ടുമുറ്റത്തും മരിച്ചവരെ അടക്കിയ വാളുമുക്ക് കോളനിയിലെ വാർത്ത മുമ്പ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വീടിനു ചുറ്റുവശങ്ങളിലും അടുക്കളയിലും ഈ കോളനിയിൽ മരിച്ചവരെ അടക്കം
ചെയ്തിട്ടുണ്ട്. വാളുമുക്ക് കോളനിയിലെ 30 തോളം വീടുകൾക്ക് ചുറ്റുമായി 100 ലധികം കുഴിമാടങ്ങൾ ഉണ്ട്. അവയിൽ പെട്ട മൂന്ന് കുഴിമാടങ്ങൾ പൊളിച്ചടുക്കിയാണ് കുടിവെള്ളത്തിനായി പൈപ്പ് ഇട്ടത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ ഇളക്കിമറിച്ച് പൈപ്പിട്ട സംഭവത്തിൽ പ്രതിഷേധത്തിലാണ് നിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.