ജീവൻ രക്ഷിക്കാനുള്ള യാത്രയിൽ ഇനി നിധിനില്ല
text_fieldsശ്രീകണ്ഠപുരം: ഒരുപക്ഷേ അവൻ ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ അറം പറ്റിയിരിക്കാം. 'രാത്രിയും പകലുമില്ലാത്ത യാത്രകളിൽ മരണത്തെ നേർക്കുനേർ കണ്ടപ്പോഴെല്ലാം വിശ്വാസത്തിന്റെ കരുത്ത് പകർന്നവൻ...., പക്ഷെ അതുപോലൊരു യാത്രയിൽ മരണത്തിനുമുന്നിൽ ബ്രേക്കിടാൻ അവനും പ്രിയ വാഹനത്തിനും സാധിച്ചില്ല.
എളയാവൂരിൽ ആംബുലൻസ് അപകടത്തിൽപെട്ട് മരിച്ച പയ്യാവൂർ വാതിൽമട ഭൂദാനം കോളനിയിലെ നിധിൻരാജിന്റെ ജീവിതയാത്ര പ്രിയ വാഹനത്തിൽ തന്നെ അവസാനിക്കുമെന്ന് ആരും കരുതിയില്ല. വണ്ടിയോടുള്ള ഇഷ്ടംകൊണ്ട് അവൻ തന്നെ ആംബുലൻസിന് നൽകിയ പേരാണ് 'മിന്നൽ'.
അവൻ അങ്ങനെയാണ്. രാത്രിയും പകലുമില്ലാതെ കുതിക്കും, തന്റെ 'മിന്നലി'ൽ. ഊണും ഉറക്കവും മിക്ക ദിവസങ്ങളിലും അതിൽ തന്നെ. ചെറുപ്പം മുതലേ വാഹനത്തോട് കമ്പം തോന്നിയവനായിരുന്നു നിധിൻ.
പയ്യാവൂർ വാതിൽമട ഭൂദാനം കോളനിയിലെ ഭൂദാൻ സേവാ സമിതിയുടെ ആംബുലൻസ് ഡ്രൈവറായി ഒരു വർഷം മുമ്പാണ് നിധിൻ ജോലിയിൽ പ്രവേശിച്ചത്. മുഴുവൻ സമയവും പ്രവർത്തിക്കേണ്ടുന്ന ജോലി ആയതിനാൽ പയ്യാവൂർ മേഴ്സി ആശുപത്രിക്ക് സമീപം വാഹനം പാർക്ക് ചെയ്യും. ഏത് സമയത്ത് സേവനം ആവശ്യമായാലും പോകും. ഫേസ് ബുക്ക് നിറയെ തന്റെ വാഹനത്തിന്റെ ഫോട്ടോകളും വിഡിയോകളും മാത്രമാണുള്ളത്. അനേകമായിരം ജീവനുവേണ്ടി കുതിച്ച പ്രിയ നിധിന്റെ വേർപാടിൽ നാട് ദു:ഖത്തിലാഴ്ന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.