സാമൂഹിക പ്രവർത്തകൻ ജാബിർ റിയാദിൽ നിര്യാതനായി
text_fieldsറിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. റിയാദിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പ സ്വദേശി എന്‍. ജാബിര്‍ (53) ആണ് വ്യാഴാഴ്ച രാത്രി 10.30ഒാടെ മരിച്ചത്. വൈകീട്ട് പതിവ് നടത്ത വ്യായാമത്തിന് പോയ ശേഷം തിരിച്ചെത്തി കുളി കഴിഞ്ഞ് വിശ്രമിക്കേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ബത്ഹയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.
മെസ് കേബിൾസ് എന്ന കമ്പനിയിൽ സീനിയർ സെയിൽസ് കോഓഡിനേറ്ററായിരുന്നു. വർഷങ്ങളായി റിയാദിൽ പ്രവാസിയായ അദ്ദേഹം തനിമ കലാസാംസ്‌കരിക വേദി, ചേതന റീഡേഴ്‌സ് ഫോറം, പയ്യന്നൂര്‍ സൗഹൃദവേദി എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. നല്ല വായനക്കാരൻ കൂടിയായ അദ്ദേഹം പുസ്തകവായനക്കും സാഹിത്യ ചർച്ചക്കുമുള്ള ചില്ല സർഗവേദിയിലെ സ്ഥിര സാന്നിദ്ധ്യവുമായിരുന്നു.
മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ. റിയാദിൽ ഖബറടക്കുന്നതിന് നടപടി പുരോഗമിക്കുന്നു. പരേതനായ എസ്.കെ. അബ്ദുല്‍ ഖാദറാണ് പിതാവ്. ഭാര്യ നൂറയും മകന്‍ നാസിഫും റിയാദിലുണ്ട്. മൂത്ത മകന്‍ ജാസിം നീറ്റ് പരീക്ഷയ്ക്കായി നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.